മെക്സിക്കോ: മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കൻ സിറ്റിയിലുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 248 ആയി. റിക്ടർ സ്‌കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂകന്പം നഗരത്തെ തകർത്തെറിഞ്ഞു. കെട്ടിടങ്ങൾ പലതും തകർന്നുവീണു. മരങ്ങളും വൈദ്യുത പോസ്‌റ്റുകളും കടപുഴകി വീണു. വൈദ്യുതി,​ വാർത്താ വിനിമയ ബന്ധങ്ങൾ തകരാറിലായി. ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും. സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഭൂചലനത്തിലെ ഏറ്റവും ഹൃദയഭേദകമായ കാഴ്ച നഗരമധ്യത്തിലെ എന്റിക് റബ്സ്മൻ പ്രൈമറി സ്കൂൾ പരിസരത്ത് നിന്നുളളതായിരുന്നു. മൂന്നു നിലകളുളള സ്കൂൾ കെട്ടിടം പൂർണമായും തകർന്നു. 21 കുട്ടികളുടെ മരണം സ്ഥിരീകരിച്ചു. 30 ഓളം കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങൾ പട്ടാളവും പൊലീസും ജനങ്ങളും ചേർന്ന് നടത്തുന്നുണ്ട്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് ഭൂചലനമുണ്ടായത്. സാൻ ജുവാൻ റബോസോ നഗരത്തിൽനിന്ന് 31 മൈൽ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

മെക്സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 1985ൽ പതിനായിരത്തിലധികം പേർ മരിക്കാനിടയായ ഭൂചലനത്തിന്‍റെ 32-ാം വാർഷിക ദിനത്തിലാണ് മെക്സിക്കോയിൽ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. അതിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്നലത്തേതെന്നതാണ് മരണസംഖ്യ സൂചിപ്പിക്കുന്നത്. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ 90 പേർ മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook