ന്യൂഡല്‍ഹി: പരീക്ഷണ ഓട്ടത്തിനിടെ ഡല്‍ഹി മെട്രോ ട്രെയിന്‍ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് അകപടം. കലിന്ദി കുഞ്ച് സംഭരണശാലയ്ക്ക് അടുത്താണ് അപകടം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഉദ്ഘാടനം ചെയ്യാന്‍ ആറ് ദിവസങ്ങള്‍ മാത്രം ബാക്കി ഇരിക്കെയാണ് അപകടം ഉണ്ടായത്. സ്റ്റേഷന്റെ ഏറ്റവും അറ്റത്തെത്തിയ ട്രെയിന്‍ നിയന്ത്രണം വിട്ട് ചുമരില്‍ ഇടിച്ചു.

ജന്ത ലൈനിലെ കല്‍ക്കാജി മന്ദിര്‍ മുതല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെ 12.64 കിലോമീറ്റര്‍ ദൂരത്തിലാണ് ഡ്രൈവറില്ലാ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. ഡിസംബര്‍ 25നായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്.

കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ മെട്രോ സര്‍വീസാണിത്. മെട്രോ സര്‍വീസ് നടത്താന്‍ ഡ്രൈവറുടെ ആവശ്യമില്ലെങ്കിലും ട്രെയിനില്‍ ഡ്രൈവറുടെ സാന്നിധ്യമുണ്ടാകും. എന്നാല്‍ അപകട സമയത്ത് ട്രെയിനില്‍ ആളില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരുക്കില്ല.

കല്‍ക്കാജി മന്ദിര്‍ ഓഖ്‌ല എന്‍.എസ്.ഐ.സി., സുഖ്‌ദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ജസോള വിഹാര്‍, ഷഹീന്‍ ബാഗ്, കാളിന്ദി കുഞ്ച്, ഓഖ്‌ല ബേര്‍ഡ് സാങ്ച്വറി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയാണ് സ്റ്റേഷനുകള്‍. ഇതില്‍ കല്‍ക്കാജി മന്ദിര്‍ മാത്രമാണ് ഭൂഗര്‍ഭ സ്റ്റേഷന്‍.

ജനക്പുരി വെസ്റ്റ് വരെയാണു മജന്താ ലൈന്‍. കാല്‍ക്കാജി വരെയുള്ള ആദ്യഘട്ട സര്‍വീസ് ആരംഭിക്കുന്നതോടെ ഫരീദാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. നോയിഡ-ദ്വാരക ലൈനിലെ തിരക്ക് കുറയുകയും ചെയ്യും. നോയിഡ സിറ്റി സെന്റര്‍-ദ്വാരക ലൈനില്‍ നിന്നു കാല്‍ക്കാജി മന്ദിര്‍ ഭാഗത്തേക്ക് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍നിന്ന് മാറിക്കയറാം.

നിലവില്‍ നോയിഡയില്‍നിന്നുള്ളവര്‍ കല്‍ക്കാജി, നെഹ്രു പ്ലേസ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകാന്‍ മണ്ഡി ഹൗസില്‍ നിന്നു മാറിക്കയറുകയാണ് ചെയ്യുന്നത്. 52 മിനിറ്റാണ് ഈ യാത്രയ്‌ക്കെടുക്കുന്ന സമയം. പുതിയ ലൈന്‍ വരുന്നതോടെ ഇതു 16 മിനിറ്റായി കുറയും. നോയിഡയില്‍നിന്നു ഫരീദാബാദ് റൂട്ടില്‍ യാത്ര ചെയ്യാന്‍ നിലവില്‍ 58 മിനിറ്റാണെടുക്കുക. എന്നാല്‍ മജന്ത ലൈനില്‍ കല്‍ക്കാജി മന്ദിറിലെത്തി വയലറ്റ് ലൈനില്‍ മാറിക്കയറി ഫരീദാബാദിലെത്താന്‍ 36 മിനിറ്റാണു സമയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ