ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്ന റിപ്പോർട്ടുകളെ തളളി മെട്രോമാൻ ഇ. ശ്രീധരൻ. രാഷ്ട്രപതിയാകാന്‍ താന്‍ യോഗ്യനല്ലെന്നും അതിന് മോഹമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനെ കുറിച്ചുളള ചര്‍ച്ചകള്‍ വന്നാല്‍ മാത്രം അത്തരം കാര്യങ്ങള്‍ ആലോചിക്കുമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

ദേശീയ മാധ്യമമായ എക്കണോമി ടൈംസ് ആണ് ഇതു സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്. ബിജെപി ഇതുവരെയും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആരേയും നിര്‍ദേശിച്ചിട്ടില്ല. അതിന്റേതായ സമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്.

രാഷ്ട്രപതി സ്ഥാനാർഥിയെ എൻഡിഎ പ്രഖ്യാപിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇതിനാൽതന്നെ കൊച്ചി മെട്രോ ഉദ്ഘാടന പരിപാടിയിൽ തനിക്കൊപ്പം ശ്രീധരൻ വേദി പങ്കിടുന്നത് ഉചിതമാകില്ലെന്നു പ്രധാനമന്ത്രി കരുതിയിരുന്നത് കൊണ്ടാണ് അദ്ദേഹത്തെ ആദ്യം ഒഴിവാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാര്‍ട്ടികളുമായും ബിജെപി ചര്‍ച്ച ആരംഭിച്ചു. പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തും. പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ ബിജെപി രൂപം നല്‍കിയ മന്ത്രിമാരുടെ സമിതിയും വിവിധ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തും. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൌപതി മര്‍മു, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി പൊതു സമ്മതനാണെങ്കില്‍ എതിര്‍ സ്ഥനാര്‍ത്ഥിയെ നിര്‍ത്തില്ല. എന്നാല്‍ ബിജെപി ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണെങ്കില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ