ന്യൂഡല്‍ഹി: ‘മീ ടൂ’ കാമ്പയിനെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ‘വഴിപിഴച്ച മനസ്സുള്ള’വരാണ് മി ടൂ കാമ്പയിന്‍ ആരംഭിച്ചതെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. വര്‍ഷങ്ങള്‍ മുന്‍പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര മന്ത്രി എം ജെ അക്ബര്‍ അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

‘പലരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണ്. ‘അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒന്നിച്ച് കളിക്കുമ്പോള്‍ സംഭവിച്ചത്’ എന്നൊക്കെപ്പറഞ്ഞാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത് ശരിയാണോ? ഇത് ചിലരുടെ വഴിപിഴച്ച മനസ്സിന്റെ ഫലമാണ്’ പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മീ ടൂ കാമ്പയിന്‍ കൊണ്ട് രാജ്യത്തിന്റെയും സ്ത്രീകളുടെയും പ്രതിച്ഛായ നശിപ്പിക്കുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, ഈ സ്ത്രീകള്‍ക്കെതിരെ പുരുഷന്‍മാരും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോ? എന്നും മന്ത്രി ചോദിച്ചു.

അതേസമയം, ലൈംഗികാതിക്രമം ആരോപിച്ച മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് എം ജെ അക്ബറിനോട് ആവശ്യപ്പെട്ടു. ലൈംഗികാതിക്രമ പരാതിയുമായി എത്തിയ വനിതാ മാധ്യമപ്രവര്‍ത്തക്കൊപ്പമാണ് തങ്ങളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് അവര്‍ വ്യക്തമാക്കി

അക്ബറിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയമപരമായ പിന്തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook