/indian-express-malayalam/media/media_files/uploads/2018/10/mj-akbar-2.jpg)
ന്യൂഡൽഹി: പ്രമുഖ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിന്റെ രാജിക്ക് സമ്മർദ്ദമേറുന്നു. മീ ടൂ ക്യാംപെയിനിലൂടെ ഏഴു വനിതാ മാധ്യമ പ്രവർത്തകർ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അക്ബർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയിലെ മുതിർന്ന നേതാക്കൾതന്നെ രംഗത്തെത്തി.
അക്ബറിനെതിരെ ഉയർന്ന ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. അതിനാൽ തന്നെ അദ്ദേഹത്തെ സംരക്ഷിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. അതേസമയം, രാജിക്കാര്യം അദ്ദേഹം സ്വയം തീരുമാനിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. നിലവിൽ വിദേശത്തുളള അക്ബറിനോട് സന്ദർശനം വെട്ടി ചുരുക്കി രാജ്യത്തേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
എം.ജെ.അക്ബർ രാജിവയ്ക്കണമെന്ന് എബിവിപി മുൻ നേതാവ് രശ്മി ദാസ് ലേഖനത്തിലൂടെ ആവശ്യപ്പെട്ടു. അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് മന്ത്രി റീത്ത ബഹുഗുണ ജോഷിയും രംഗത്തുവന്നിട്ടുണ്ട്. എം.ജെ.അക്ബറിന്റെ രാജി ആവശ്യപ്പെട്ട് ശോഭ ഡേ അടക്കമുളള നിരവധി മാധ്യമ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
അക്ബറിനെതിരെ പാർട്ടിക്കകത്തുനിന്നും ശക്തമായ പ്രതിഷേധങ്ങൾ ഉയരുമ്പോഴും പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും നിലപാടനുസരിച്ചായിരിക്കും എം.ജെ.അക്ബറിന്റ രാഷ്ട്രീയ ഭാവി. അതേസമയം, കേന്ദ്രസർക്കാർ ഇതുവരെ അക്ബറിന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഉന്നത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
രാജ്യത്ത് ശക്തമാകുന്ന മീ ടൂ കാംപെയിനിലൂടെയാണ് ഏഴു വനിതാ മാധ്യമപ്രവർത്തകർ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. കാബിനില്‍വച്ച് അക്ബര്‍ പിന്നില്‍നിന്നു കയറിപ്പിടിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചന്നുമായിരുന്നു ഒരു മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.