ന്യൂഡൽഹി: ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ആരോപണം നേരിടുന്ന സാഹചര്യത്തില്‍, മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ എം.ജെ.അക്ബര്‍ വെള്ളിയാഴ്ച അപ്പര്‍ ഹൗസ് എത്തിക്‌സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായേക്കുമെന്ന് സൂചനകള്‍.

അക്ബറിനെതിരെ ആരോപണമുന്നയിച്ച പഴയ സഹപ്രവര്‍ത്തകര്‍ അനൗപചാരികമായി കമ്മിറ്റിയിലെ അംഗങ്ങളെ സമീപിച്ചിട്ടുണ്ട്. കമ്മിറ്റിയിലെ രണ്ട് അംഗങ്ങള്‍ ഈ വിഷയം പരിഗണിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.

മധ്യപ്രദേശില്‍ നിന്നും 2016ലാണ് എം.ജെ.അക്ബര്‍ രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ കമ്മിറ്റി ചെയര്‍മാനും ബിജെപി എംപിയുമായ നാരായണ്‍ ലാല്‍ പഞ്ചാരിയാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത് ‘എന്ത് പരാതികള്‍ വന്നാലും ഞങ്ങള്‍ നടപടിക്രങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകും. അക്ബറിന്റെ കേസ് രാജ്യസഭയിലെ എത്തിക്‌സ് പാനല്‍ പരിശോധിക്കു’മെന്നായിരുന്നു.

സഭാംഗങ്ങളില്‍ ആരെങ്കിലും സദാചാര വിരുദ്ധമായോ ധാര്‍മികവിരുദ്ധമായോ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് എത്തിക്‌സ് കമ്മിറ്റിയുടെ ചുമതലയാണ്. കമ്മിറ്റിയുടെ സദാചാര സംഹിതകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയാല്‍ അയാള്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും ചെയ്യും.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അക്ബര്‍ നിഷേധിച്ചിരിക്കുകയാണ്. വിദേശ മാധ്യമപ്രവര്‍ത്തകയായ പല്ലവി ഗൊഗോയിയുമായി മാസങ്ങള്‍ നീണ്ടു നിന്ന ബന്ധം പരസ്പര സമ്മതത്തോടെ ആയിരുന്നുവെന്നാണ് അക്ബറിന്റെ അവകാശവാദം.

”1994 കാലഘട്ടത്തിലാണ് പല്ലവി ഗൊഗോയിയുമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധം തുടങ്ങുന്നത്. എന്നാല്‍ ഈ ബന്ധം ഏതാനും മാസങ്ങളെ നീണ്ടു നിന്നുള്ളൂ. ഈ ബന്ധത്തെ തുടര്‍ന്ന് തന്റെ കുടുംബജീവിതം ശിഥിലമായി,” വാര്‍ത്താ എജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു എം.ജെ.അക്ബര്‍.

നവംബര്‍ ഒന്നിന് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് അക്ബര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പല്ലവി ഗൊഗോയ് ആരോപിച്ചത് . ദി ഏഷ്യന്‍ എയ്ജില്‍ ഓപ്പഡ് പേജിന്റെ എഡിറ്ററായി ജോലി ചെയ്യുമ്പോഴാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോള്‍ തനിക്ക് 22 വയസ്സുമാത്രമായിരുന്നു പ്രായമെന്ന് പല്ലവി ഗൊഗൊയ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ