സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള തുറന്നു പറച്ചിലുകള്‍ തുടരുമ്പോള്‍ മീ ടൂ ക്യാംപെയിനെ പിന്തുണച്ച് ഡിഎംകെ നേതാവും എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ കനിമൊഴി രംഗത്തെത്തി. ഈ ക്യാംപെയിന്‍ ആരോഗ്യകരമായ സംവാദങ്ങള്‍ക്കും ആത്മപരിശോധനയ്ക്കും വഴിവയ്ക്കണമെന്ന് കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.

‘സത്യം ലോകത്തോട് വിളിച്ചു പറയണം. ലൈംഗിക ചൂഷണങ്ങള്‍ക്ക് തടയിടാനുള്ള ഒരു ചുവടുവയ്പാണിത്. മുഖം മൂടികളെ വലിച്ചുകീറാനായി മുന്നോട്ടുവരുന്ന സ്ത്രീകളെ നമുക്ക് പിന്തുണയ്ക്കാം. ഇരകളല്ല, കുറ്റവാളികളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്,’ കനിമൊഴി ട്വിറ്ററില്‍ കുറിച്ചു.

തെന്നിന്ത്യയില്‍ നിന്നും മീ ടൂ ക്യാംപെയിനെ പിന്തുണച്ച് രംഗത്തെത്തുന്ന ആദ്യ വനിതാ രാഷ്ട്രീയ നേതാവായിരിക്കും ഒരുപക്ഷെ കനിമൊഴി. ആരോപണ വിധേയനായ കവി വൈരമുത്തുവിന് കരുണാനിധിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. വൈരമുത്തുവിനെതിരെ കഴിഞ്ഞ ദിവസം ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വൈരമുത്തു ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം മീ ടൂ വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിനെതിരെ മീ ടൂ ക്യാംപെയിനിലൂടെ ഏഴു വനിതാ മാധ്യമ പ്രവർത്തകർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അക്ബർ ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും, ആരോപണം ഉന്നയിച്ച സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook