സിനിമാ രംഗത്ത്‌ ഉയര്‍ന്നു വരുന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വിഷയത്തെ അഭിസംബോധന ചെയ്യാനായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുക ഉള്‍പ്പടെ വിവിധ നടപടികള്‍ക്കൊരുങ്ങി ബോളിവുഡിലെ സിനിമാ സംഘടനകള്‍. സിനിമാ രംഗത്തെ മൂന്നു വലിയ സംഘടനകളാണ് ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളാന്‍ തയ്യാറായി രംഗത്ത്‌ വന്നത്.

സിനിമയിലെ പല വകുപ്പുകളില്‍ നിന്നായി അഞ്ചു ലക്ഷത്തോളം അംഗങ്ങളുള്ള, ഇരുപത്തിമൂന്നു ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനുകള്‍ ചേരുന്ന, ഫെഡറേഷന്‍ ഓഫ് വെസ്റ്റേൺ ഇന്ത്യന്‍ സിനി എംപ്ലോയീസ് (എഫ്ഡബ്ല്യൂഐസിഇ), തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിനായി സ്പെഷ്യല്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് അറിയിച്ചു.

“സിനിമയിലും ടെലിവിഷനിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി ഞങ്ങള്‍ വാതിലുകള്‍ തുറന്നിടുകയാണ്… ധൈര്യമായി മുന്നോട്ട് വന്ന്, അവരുടെ പ്രശ്നങ്ങള്‍ പറയാന്‍, പരാതിപ്പെടാന്‍. അവര്‍ക്ക് വേണ്ട ഉപദേശങ്ങളും പിന്തുണയും നല്‍കാനായി ഞങ്ങളുടെ ലീഗല്‍ ടീം ഉണ്ടാകും,” എഫ്ഡബ്ല്യൂഐസിഇ പ്രസ്താവനയില്‍ അറിയിച്ചു. പരാതിപ്പെടുന്ന വ്യക്തിയുടെ പേരും ഐഡന്റിറ്റിയും സംരക്ഷിക്കപ്പെടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read in English: #MeToo: Film industry outfits to form panels, address harassment

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള പ്രോസസ്സുകള്‍, ബെസ്റ്റ് പ്രാക്ടീസ് എന്നിവയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനായി തങ്ങളുടെ അംഗങ്ങള്‍ക്ക് പ്രൊഫഷനല്‍ ഏജന്‍സികളുടെ സഹായത്തോടെ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തും എന്ന് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പത്രക്കുറിപ്പില്‍ പറഞ്ഞു. പന്ത്രണ്ടു അംഗങ്ങള്‍ ഉള്ള കമ്മിറ്റിയില്‍ നിര്‍മ്മാതാവും സംവിധായികയുമായ കിരണ്‍ റാവു, ഏക്താ കപൂര്‍, സിദ്ധാര്‍ത് റോയ് കപൂര്‍ എന്നിവരും ഉണ്ടായിരിക്കും. നടന്‍ ആമിര്‍ ഖാന്‍ ഉള്‍പ്പടുന്ന സിനിമാ പ്രവര്‍ത്തകര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

നടന്‍ അലോക് നാഥ് തന്നെ ബലാത്സംഗം ചെയ്തു എന്ന് സംവിധായികയും എഴുത്തുകാരിയുമായ വിനീത നന്ദ ആരോപിച്ചതിന്റെ പശ്ചാത്തലത്തില്‍ സിനി ആന്‍ഡ്‌ ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ (സിന്റ) അലോക് നാഥിന് ഷോ കോസ് നോട്ടീസ് അയയ്ക്കുകയും ഇത്തരം സീരിയസ് ആയ കേസുകളില്‍ ഇനി സംഘടന സ്വമേധയാ നോട്ടീസ് അയയ്ക്കും എന്ന് തീരുമാനിക്കുകയും ചെയ്തു. വിശാഖാ ഗൈഡ്ലൈനുകളുടെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ അഡ്രസ്‌ ചെയ്യാന്‍ ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കാനും ഇവര്‍ തീരുമാനിച്ചു.

പ്രസ്തുത കമ്മിറ്റികള്‍ സര്‍ക്കാര്‍ ഉത്തരവില്‍ ഇറങ്ങിയിട്ടുള്ള ‘പ്രിവന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്മെന്റ് അറ്റ്‌ വര്‍ക്ക്‌പ്ലേസ് ഗൈഡ്ലൈന്‍സ്’ പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് എഫ് ഡബ്ല്യൂ ഐ സി ഇ മുഖ്യ ഉപദേഷ്ടാവ് അശോക്‌ പണ്ഡിറ്റ്‌ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. പരാതിപ്പെടാനുള്ള ഈ പ്രൊവിഷന്‍ ദുരുപഗോയം ചെയ്യപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ആരോപണവിധേയനെ/യെ മീറ്റിംഗിന് വിളിച്ചു അവരുടെ ഭാഗം കൂടി കേള്‍ക്കും. പരാതിയില്‍ കഴമ്പുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍, അവരെ സംഘടനയില്‍ നിന്നും ഡിസ്മിസ് ചെയ്തു, ബോയ്‌കോട്ട് ചെയ്യാനുള്ള ആഹ്വാനം നല്‍കും. എന്നാല്‍ മറ്റു വിദ്വേഷങ്ങളുടെ പുറത്താണ് പരാതി പറഞ്ഞത് എന്ന് തെളിഞ്ഞാല്‍, പരാതിക്കാരന്‍/ക്കാരിയ്ക്കെതിരെ നടപടിയെടുക്കും,” അശോക്‌ പണ്ഡിറ്റ്‌ വ്യക്തമാക്കി.

നടന്‍ അലോക് നാഥ്, സംവിധായകന്‍ വികാസ് ബെഹല്‍ എന്നിവര്‍ക്കെതിരെ വിവിധ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ചു രംഗത്ത്‌ വന്നതിനെ തുടര്‍ന്ന് ഇരുവര്‍ക്കും എഫ് ഡബ്ല്യൂ ഐ സി ഇ നോട്ടീസ് അയച്ചതായും അശോക്‌ പണ്ഡിറ്റ്‌ വെളിപ്പെടുത്തി.

എ എം എം എയിലെ അംഗങ്ങളും കൂടിയായ ഡബ്ല്യൂ സി സി പ്രവര്‍ത്തകര്‍ രേവതി, പദ്മപ്രിയ, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ എ എം എം എയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ഒന്ന് വിശാഖാ ഗൈഡ്ലൈന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ള ഹൈ പവര്‍ കമ്മിറ്റി എ എം എം എയ്ക്കുള്ളില്‍ വേണം എന്നാണ്. ദിലീപിന്‍റെ സംഘടന അംഗത്വത്തെക്കുറിച്ചുള്ള തീരുമാനം പൊതു യോഗം തീരുമാനിക്കട്ടെ എന്ന് എ എം എം എ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതോടെ ഡബ്ല്യൂ സി സി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ട കമ്മിറ്റി ഉള്‍പ്പടെയുള്ള തീരുമാനങ്ങള്‍ വൈകുകയാണ്. ഈ സാഹചര്യത്തിലാണ് വിശാഖാ മാര്‍ഗ്ഗരേഖകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു കൊണ്ട് ബോളിവുഡ് മലയാള സിനിമയ്ക്ക് മാതൃകയാവുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook