scorecardresearch
Latest News

#MeToo: പ്രിയ രമണിക്കെതിരെ എം.ജെ. അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് തള്ളി

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്

MJ Akbar, എം.ജെ അക്ബർ, MJ Akbar news, മീ ടൂ, പ്രിയ രമണി, MJ Akbar defamation case, Priya Ramani, Priya Ramani news, #MeToo campaign, Indian Express news, MJ Akbar defamation case verdict, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: തനിക്കെതിരെ മാധ്യമപ്രവര്‍ത്തക പ്രിയ രമണി ഉന്നയിച്ച മീ ടൂ ആരോപണത്തിനെതിരെ, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് കോടതി തള്ളി.

പ്രിയ രമണിയെ കുറ്റവിമുക്തയാക്കിയ കോടതി, പതിറ്റാണ്ടുകള്‍ പിന്നിട്ടാലും ഒരു സ്ത്രീക്ക് പരാതി ഉന്നയിക്കാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കി.  ഡൽഹി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പുറപ്പെടുവിച്ചത്. പ്രിയ രമണിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി.

ആരോപണങ്ങളുമായി സാമൂഹിക അപമാനം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉത്തരവ് വായിച്ചുകൊണ്ട് കോടതി പറഞ്ഞു. ലൈംഗിക പീഡനവും ഉപദ്രവവും ഇരകളില്‍ സൃഷ്ടിക്കുന്ന ആഘാതം സമൂഹം മനസ്സിലാക്കണം. പതിറ്റാണ്ടുകള്‍ പിന്നിട്ടാലും തന്റെ പരാതി നല്‍കാനുള്ള അവകാശം ഒരു സ്ത്രീക്കുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായായിരുന്നു എംജെ അക്ബറിനെതിരെ പ്രിയയുടെ വെളിപ്പെടുത്തല്‍. ഇതിനു പിന്നാലെ മറ്റു സ്ത്രീകളും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അക്ബര്‍ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജി വച്ചതിനു പിന്നാലെയാണു രമണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചത്.

മന്ത്രി എന്ന നിലയ്ക്കു മാത്രമല്ല, വർഷങ്ങൾകൊണ്ട് താൻ ആർജിച്ചെടുത്ത കീർത്തിയും ബഹുമാനവും തന്റെ കുടുംബത്തിനിടയിലും സഹപ്രവർത്തകർക്കിടയിലും നഷ്ടപ്പെടുത്തിയെന്നായിരുന്നു അക്ബറിന്റെ ആരോപണം. തനിക്കെതിരെ ഉന്നയിച്ച തെറ്റായ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ ഉന്നയിച്ചിരുന്നു.

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണ കൊടുങ്കാറ്റായാണ് ‘മീ ടൂ’ കാമ്പയിന്‍ തുടങ്ങിയതെങ്കിലും ഒറ്റ ദിവസം കൊണ്ട് അത് ലോകമെമ്പാടും തരംഗമായി. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായി, അക്ബറിനെതിരെ ആരോപണവുമായി എത്തിയത് പ്രിയ രമണിയായിരുന്നു.

2017-ൽ ‘ലോകത്തിലെ ഹാര്‍വി വെയിന്‍സ്റ്റീൻമാരോട്’ എന്ന തലക്കെട്ടിൽ വോഗിനായി എഴുതിയ ലേഖനത്തിലാണ്, 1994ൽ ഒരു മാധ്യമ സ്ഥാപനത്തിലേക്കുള്ള തൊഴിൽ അഭിമുഖത്തിനിടെ അവിടുത്തെ തൊഴിൽ മേധാവി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു ലേഖനത്തിൽ പ്രിയ രമണി ആരോപിച്ചത്. അക്ബറിന്റെ മേധാവിത്വത്തിലുള്ള ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലിക്കായുള്ള അഭിമുഖത്തിനിടെ എം ജെ അക്ബർ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പിന്നീട് 2018ൽ ട്വിറ്ററിൽ നടത്തിയ വെളിപ്പെടുത്തലിൽ പ്രിയ രമണി പറഞ്ഞിരുന്നു.

“നിങ്ങള്‍ എന്റെ പ്രൊഫഷണല്‍ ഹീറോകളില്‍ ഒരാളായിരുന്നു. നിങ്ങളുടെ ബൗദ്ധികമായ ഔന്നത്യത്തില്‍ ആകൃഷ്ടയായാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടന്നുവന്നത് പോലും.” എം.ജെ.അക്ബറിനെതിരായ ട്വീറ്റില്‍ പ്രിയ രമണി പറഞ്ഞുതുടങ്ങിയത് ഇങ്ങനെയാണ്.

ഒരു ഡസനോളം വനിത മാധ്യമപ്രവർത്തകരായിരുന്നു അക്ബറിനെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നത്. ആരോപണങ്ങളെ തളളിയ അക്ബർ, ഇവയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നതോടെയാണ് അക്ബറിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Metoo court likely to pronounce today verdict in mj akbars defamation case against priya ramani