ന്യൂഡൽഹി:  മീടൂ ക്യാംപെയ്ൻ വിവാദത്തിൽ എം.ജെ അക്ബർ മറുപടി പറയണമെന്ന് കേന്ദ്രമന്ത്രിസഭയിലെ സഹ അംഗം സ്‌മൃതി ഇറാനിയും. അതേ സമയം ലൈംഗീക ചൂഷണം തുറന്നു പറഞ്ഞ സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കാൻ സാധിക്കില്ലെന്നും സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടു.

“ആരോപണത്തിൽ അദ്ദേഹം മറുപടി പറയണം. സംഭവം നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ ഞാൻ അഭിപ്രായം പറയുന്നത് ശരിയല്ല. ആരോപണം ഉന്നയിച്ച സ്ത്രീകളെ മോശക്കാരാക്കുന്നതും ശരിയല്ല,” സ്‌മൃതി ഇറാനി ഡൽഹിയിൽ പറഞ്ഞു.

പ്രമുഖ മാധ്യമ പ്രവർത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിനെതിരെ മീ ടൂ ക്യാംപെയിനിലൂടെ ഏഴു വനിതാ മാധ്യമ പ്രവർത്തകർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അക്ബർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപിയിലെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അക്ബറിനെ സംരക്ഷിക്കരുതെന്നും ആരോപണങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുന്നതാണെന്നും  ബിജെപി നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിദേശത്തുളള മന്ത്രിയോട് അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ്.

രാജിക്കാര്യം അക്‌ബർ തന്നെ സ്വയം തീരുമാനിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

ഓൺലൈൻ മാധ്യമമായ ദി വയറിൽ എഴുതിയ ലേഖനത്തിൽ മാധ്യമപ്രവർത്തക ഗസല വബാബാണ് കേന്ദ്രമന്ത്രിക്കെതിരെ ഏറ്റവും ഒടുവിൽ രംഗത്ത് വന്നത്. തന്റെ അനുവാദം കൂടാതെ ശരീരത്തിൽ ബലമായി കയറിപ്പിടിച്ചുവെന്നും, ഉമ്മ വയ്ക്കാൻ ശ്രമിച്ചുവെന്നും ഇവർ ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഇപ്പോൾ നൈജീരിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന എംജെ അക്‌ബറിന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. പ്രതിപക്ഷം എംജെ അക്ബറിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എംജെ അക്ബർ വിഷയത്തിൽ തന്റെ ഭാഗം വ്യക്തമാക്കി പ്രതികരിക്കുകയോ അല്ലെങ്കിൽ മന്ത്രിപദം രാജിവയ്ക്കുകയോ ചെയ്യണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook