ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിന്‍ രാജ്യവ്യാപകമാകുകയാണ്. ചലച്ചിത്രമേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടൂ ക്യാംപെയിന്‍ മാധ്യമമേഖലയും രാഷ്ട്രീയ മേഖലയും കടന്ന് രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖര്‍ വിവാദത്തെ തുടര്‍ന്ന് രാജിവയ്ക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തു കഴിഞ്ഞു. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ.അക്ബറിനെതിരെയാണ്. ആറ് വനിതാ മാധ്യമപ്രവര്‍ത്തകരാണ് ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്.

പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എം.ജെ.അക്ബറിനെതിരെ ആദ്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതിന് പിന്നാലെ മറ്റ് അഞ്ച് പേര്‍ കൂടി ആരോപണം ഉന്നയിച്ചു.

ലൈവ്മിന്റ്​ നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് അക്​ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്​​. 1997ൽ നടന്ന സംഭവമാണ്​ ​പ്രിയ രമണി ഓർത്തെടുത്തത്​. ടെലഗ്രാഫി​​​​​ന്റെ സ്ഥാപക എഡിറ്റർ കൂടിയായ അക്​ബർ മാധ്യമ മേഖലയിൽ തിളങ്ങി നിന്നിരുന്ന സമയത്ത്​ ആ മേഖലയിൽ പുതുമുഖമായിരുന്ന പ്രിയ, അക്​ബർ വിളിച്ചതുപ്രകാരം മുംബൈയിലെ ഹോട്ടലിൽ രാത്രി ഏഴ്​ മണിക്ക്​ ചെന്നിരുന്നു. അഭിമുഖത്തിനെന്ന്​ പറഞ്ഞായിരുന്നു 23കാരിയായ പ്രിയയെ അയാൾ വിളിച്ചത്​. എന്നാൽ അയാളിൽ നിന്നും മോശമായ അനുഭവമാണ്​ ഉണ്ടായതെന്നും തനിക്ക്​ മദ്യം വാഗ്​ദാനം ചെയ്​തെന്നും പ്രിയ ആരോപിച്ചു.

ഹോളിവുഡ്​ നിർമ്മാതാവായ ഹാർവി വെയ്​ൻസ്റ്റീനെതിരെ നടിമാർ ആരംഭിച്ച മീ ടൂ ക്യാംപെയി​ൻ കത്തി നിൽക്കുന്ന സമയത്ത്​ കഴിഞ്ഞ വർഷം വോഗ്​ മാഗസിനിലായിരുന്നു പ്രിയ ത​​​​​ന്റെ അനുഭവം പങ്കുവച്ചത്​. അന്ന്​ പേര്​ വെളിപ്പെടുത്താതെ പങ്കുവച്ച ലേഖനം ട്വിറ്ററിൽ പ്രിയ പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. തനിക്കുണ്ടായ അനുഭവം ഇയാളിൽ നിന്ന്​ മറ്റുള്ള മാധ്യമ വിദ്യാർഥികളും നേരിട്ടിരിക്കുമെന്നും അവർ അത്​ വെളിപ്പെടുത്ത​ട്ടെ എന്നും​ അവർ ട്വിറ്ററിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook