/indian-express-malayalam/media/media_files/uploads/2023/06/Accident-1.jpg)
മെതനോള്‍ ടാങ്കര്‍ കത്തിയമരുന്നു
പൂനെ: മുബൈ-പൂനെ എക്സ്പ്രസ് വേയില്‍ ലോണവാലയ്ക്ക് സമീപം മെതനോള്‍ ടാങ്കര്‍ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.40-ന് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ലോണവാല ഹില്‍ സ്റ്റേഷന് സമീപമുള്ള പാലത്തില്‍ വച്ചാണ് അപകടമുണ്ടായതെന്ന് പ്രദേശിക പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല. ടാങ്കറിന്റെ ഉടമസ്ഥതയെ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ടാങ്കര്‍ ലോറി മുഴുവനായു കത്തിയമര്‍ന്നു. എക്സ്പ്രസ് വേയുടെ രണ്ട് വശങ്ങളും നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു മണിക്കൂര്‍ സമയം അടച്ചിട്ടു. ഹൈവെ സേഫ്റ്റി പട്രോള്‍, എക്സ്പ്രസ് വെ എമര്‍ജെന്‍സി റെസ്പോണ്‍സ് ബോഡി, പൂനെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍, ലോണാവാല അഗ്നിശമന സേന, ലോണവാലയിലുള്ള ഇന്ത്യന്‍ നേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ആദ്യം കരുതിയെത് ഓയില്‍ ടാങ്കറാണെന്നും പിന്നീടാണ് മെതനോളാണ് ഉള്ളിലെന്നും മനസിലായതെന്ന് ലോണാവാല പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ സിതാരാം ദൂപല്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ ഒരാള്‍ ലോറിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നെന്നും മറ്റ് മൂന്ന് പേര്‍ പാലത്തിനടിയിലൂടെ യാത്ര ചെയ്തിരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരുക്കേറ്റവരില്‍ രണ്ട് പേര്‍ ലോറി ജീവനക്കാരാണ്, ഒരാള്‍ യാത്രക്കാരനും.
അപകടം സംഭവിച്ചിട്ട് ഒരു മണിക്കൂറിന് ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.