ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്ത് 98 ശതമാനം മണ്‍സൂണ്‍ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഏപ്രിലില്‍ പുറത്തിറക്കിയ പ്രവചനത്തില്‍ 96 ശതമാനമായിരിക്കും മഴയെന്ന് പ്രവചനമാണ് പുതുക്കിയത്.

എല്‍ നിനോ പ്രതിഭാസത്തിന്റെ അഭാവം മഴ കൂടുതല്‍ ലഭിക്കുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ കെജെ രമേശ് വ്യക്തമാക്കി.

2016ല്‍ കേരളത്തില്‍ കാലവര്‍ഷത്തിലും തുലാമഴയിലും ഉണ്ടായ കുറവ് സംസ്ഥാനത്ത് വൈദ്യുതി, കുടിവെള്ളം, കൃഷി എന്നീ മേഖലകളില്‍ ചെറുതല്ലാത്ത പ്രതിസന്ധികള്‍ക്കാണ് വഴിവെച്ചത്. കാലവര്‍ഷത്തില്‍ ശരാശരി ലഭിക്കേണ്ട 2040 മില്ലീമീറ്റര്‍ മഴയില്‍ 1352 മില്ലീമീറ്റര്‍ മഴ മാത്രമാണ് കേരളത്തില്‍ കിട്ടിയത്.

Read More:കാലവര്‍ഷം കേരളത്തിലെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷമെന്ന് പറയുന്നത്. ഈ കാലയളവില്‍ 96 ശതമാനത്തോളം മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
96 മുതല്‍ 104 ശതമാനം വരെയാണ് സാധാരണ ലഭിക്കാറുള്ള മഴയായി കണക്കാക്കാറുള്ളത്.

96 ശതമാനത്തിന് താഴെയാണെങ്കില്‍ സാധാരണയിലും താഴെയായാണ് കണക്കാക്കുന്നത്. 104 മുതല്‍ 110 വരെയാണ് സാധാരണ ലഭിക്കുന്നതിലും കൂടുതലായി കണക്കാക്കുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ