ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടലില്‍ മേജര്‍ ഗൊഗോയ്ക്കൊപ്പം പെൺകുട്ടിയെ അറസ്റ്റ് ചെയ്ത കേസിനെക്കുറിച്ചുളള അന്വേഷണ പുരോഗതി അറിയിക്കാന്‍ ശ്രീനഗറിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) പൊലീസിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഹ്സന്‍ ആന്‍ടൂവിന്റെ ഹർജിയെ തുടർന്ന് മെയ്‌ 30ത്തിനകം അന്വേഷണത്തിന്‍റെ റിപ്പോട്ട് സമര്‍പ്പിക്കാന്‍ ശ്രീനഗര്‍ പൊലീസിനോട് സിജെഎം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ചീഫ് പ്രോസിക്യൂട്ടിങ് ഓഫിസർ മുഖേന പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

അതേസമയം, മേജര്‍ ഗൊഗോയെ സ്വന്തം ഇഷ്ടപ്രകാരമാണ് കാണാന്‍ പോയെതെന്നാണ് മജിസ്ട്രേറ്റിന് മുമ്പാകെ പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. മേജർ ഗൊഗോയെ കുറച്ചു നാളുകളായി തനിക്ക് അറിയാമെന്നും അദ്ദേഹത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കാനാണ് പോയതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

ഇതിനു മുൻപും പലതവണ അദ്ദേഹത്തോടൊപ്പം പുറത്ത് പോയിട്ടുണ്ട്. താൻ പ്രായപൂർത്തിയായ പെൺകുട്ടിയാണെന്നും യുവതി മജിസ്ട്രേറ്റിനോട് പറഞ്ഞു. പ്രായപൂര്‍ത്തി ആയെന്ന് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡും പെൺകുട്ടി കോടതിക്കു മുൻപാകെ സമര്‍പ്പിച്ചു. മേജർ ഗൊഗോയെ എങ്ങനെയാണ് പരിചയമെന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോൾ ഫെയ്സ്ബുക്കിലൂടെയാണെന്ന് പെൺകുട്ടി പറഞ്ഞത്. ‘ആദില്‍ അഡ്നാൻ’ എന്ന വ്യാജ പേരിലാണ് ഗൊഗോയ് അക്കൗണ്ട്‌ തുടങ്ങിയത്. പിന്നീടാണ് അദ്ദേഹം യഥാര്‍ഥ പേര് വെളിപ്പെടുത്തിയതെന്നും പെൺകുട്ടി പറഞ്ഞു. വളരെ പെട്ടെന്ന് ഗൊഗോയും താനും സൗഹൃദത്തിലായെന്നും പെൺകുട്ടി വ്യക്തമാക്കി.

തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സമീർ അഹമ്മദ് മല്ല എന്ന സൈനികനെ തനിക്ക് പരിചയമുണ്ടെന്നും പെൺകുട്ടി പറഞ്ഞു. എന്നാല്‍ സമീറിന്റെ മാതാപിതാക്കളുടെ പേര് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ പെൺകുട്ടിക്ക് പറയാനായില്ല. പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരമാണ് പെൺകുട്ടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്.

ബുധനാഴ്‌ചയാണ് ശ്രീനഗറിലെ ഹോട്ടലില്‍ നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മേജര്‍ ഗൊഗോയിയെയും, സമീറിനെയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഗൊഗോയ് തന്റെ രണ്ടു അതിഥികൾക്കായി നേരത്തെ ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തിരുന്നു. പക്ഷേ പെൺകുട്ടിക്കൊപ്പം റിസപ്ഷനിലെത്തിയപ്പോൾ പെൺകുട്ടി പ്രദേശവാസിയാണെന്ന കാരണത്താല്‍ ഹോട്ടല്‍ ജീവനക്കാര്‍ അകത്തേക്ക് കടത്തി വിട്ടില്ല. ഇതേത്തുടർന്ന് ഗൊഗോയിയും ജീവനക്കാരും തമ്മില്‍ വാക്കുതർക്കം ഉണ്ടാവുകയും ഹോട്ടൽ മാനേജ്മെന്റ് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റുകാരനാണെന്ന് ബോധ്യപ്പെട്ടാല്‍ ഗൊഗോയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദേഹം ഉറപ്പ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ