ചെന്നൈ: അമ്മാ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി ദിനകരനുമായി കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച്ച നടത്തിയതായി സമ്മതിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. എന്നാല്‍ ഇ പളനിസാമിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാനായി കഴിഞ്ഞ മാസം ദിനകരനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ദിനകരനുമായി ചേർന്ന് തമിഴ്നാട് സർക്കാറിനെതിരെ പ്രവർത്തിക്കില്ലെന്ന് പന്നീർശെൽവം വ്യക്തമാക്കി. ‘ശശികലയേയും ദിനകരനെയും പാർട്ടിയിൽ നിന്നും സർക്കാറിൽ നിന്നും അകറ്റിനിർത്താനുള്ള ധർമയുദ്ധം തുടരും. എന്റെയൊരു സുഹൃത്താണ് ദിനകരനുമായുള്ള കൂടികാഴ്ച ഒരുക്കിയത്. ദിനകരൻ നിലപാട് മാറ്റിയെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ഇപ്പോഴും തരംതാണ രാഷ്ട്രീയമാണ് ദിനകരൻ കളിക്കുന്നത്. അയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനമാണ് വേണ്ടത്. എന്നാല്‍ ശശികല കുടുംബത്തിന്റെ കൈയില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിക്കാനാണ് എന്റെ പോരാട്ടം,’ പന്നീർശെൽവം പറഞ്ഞു.
നേരത്തെ പന്നീർശെൽവവുമായി ജൂലൈയിൽ കൂടികാഴ്ച നടത്തിയതായി ടി.ടി.വി ദിനകരൻ വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിയെ പുറത്താക്കാൻ സഹായിക്കാമെന്ന് പന്നീർശെൽവം ഉറപ്പ് നൽകിയതായും ദിനകരൻ അവകാശപ്പെട്ടിരുന്നു.