ചെന്നൈ: മെർസൽ വിവാദം ചൂടുപിടിക്കുന്നതിനിടെ സൂപ്പർ താരം വിജയ്‌ക്ക് പൂർണ പിന്തുണയുമായി അച്ഛൻ എസ്.എ.ചന്ദ്രശേഖർ. സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുന്പോൾ ഇതിൽ മതവിശ്വാസം കൂട്ടികുഴക്കരുതെന്ന് എസ്.എ.ചന്ദ്രശേഖർ പറഞ്ഞു. രാഷ്ട്രീയക്കാർ ഇതുപോലുള്ള വിഷയങ്ങളിൽ പക്വത പുലർത്തണമെന്നും, ഇത്തരം ചിത്രങ്ങളിൽ ഇനിയും രാഷ്ട്രീയം പറയുമെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിജയ്‌യുടെ ചിത്രങ്ങൾ ഇനിയും രാഷ്ട്രീയം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിജയ് സാമൂഹികപ്രതിബന്ധതയുള്ള യൂത്ത് ഐക്കണാണ്. അവന്‍ നാളെ എന്താകുമെന്ന് പറയാനാകില്ല. ക്രിസ്ത്യന്‍ മതവിശ്വാസിയെന്ന് പറയാന്‍ ഭയമില്ല. സാമൂഹ്യപ്രശ്‌നങ്ങളെയും മതങ്ങളെയും കൂട്ടിക്കെട്ടരുത്. സാധാരണ മനുഷ്യനെ ബാധിക്കുന്ന വിഷയങ്ങള്‍ ഇനിയും വിജയ് ചിത്രത്തില്‍ ഉണ്ടാകും. ജിഎസ്ടി എന്നത് സാധാരണ മനുഷ്യനെ ബാധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങളില്‍ ഇനിയും സിനിമയിലൂടെ ധൈര്യമായി പറയും’. ചന്ദ്രശേഖരന്‍ പറഞ്ഞു.

വിജയ് ക്രിസ്ത്യാനിയാണെന്നും മോദി സര്‍ക്കാരെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിനേയും നരേന്ദ്ര മോദിയെയും വിമർശിക്കുന്ന രംഗങ്ങൾ മെർസൽ എന്ന ചിത്രത്തിലുണ്ടെന്നുള്ള വാദം ഉയർത്തിപ്പിടിച്ച് വലിയ വിവാദങ്ങളാണ് ബിജെപി നേതാക്കൾ സൃഷ്ടിച്ചത്. ഇതിനിടെ മെര്‍സലിനെതിരെയുള്ള പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ സിനിമയെ സിനിമയായി കാണണമെന്നും ആവിഷ്‌കാര സ്വാതന്ത്രമാണ് പ്രധാനമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ