ന്യൂഡല്‍ഹി: രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലു ബാങ്കുകളാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ലയനത്തിന് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

ലയനത്തിന് നിയമ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളുടെ ബോര്‍ഡുകള്‍ തീരുമാനം അംഗീകരിച്ചു. ആഗോള തലത്തില്‍ മത്സരക്ഷമമായ ബാങ്കുകളെ ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ലയനം. രാജ്യം കണ്ട ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ലയനത്തിന് 2019 ഓഗസ്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ലയനത്തോടെ ഇന്ത്യയിലെ ബാങ്കുകളുടെ എണ്ണം 27-ല്‍ നിന്നും 12 ആയി കുറയും.

Read Also: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകി ഉത്തരവായി

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കുമായും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആന്ധ്രാ ബാങ്കും കോര്‍പറേഷന്‍ ബാങ്കും യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും ലയിക്കും.

കഴിഞ്ഞ വര്‍ഷം ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിച്ചിരുന്നു. അതിനുമുമ്പ് എസ് ബി ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും മഹിളാ ബാങ്കും എസ ബി ഐയുമായി ലയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook