ന്യൂദല്‍ഹി: മാനസിക രോഗമുള്ള സഹോദരങ്ങളെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു സംശയിച്ചായിരുന്നു മര്‍ദ്ദനം എന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ഒഡീഷയിലെ ബാരിപഡ നഗരത്തില്‍ മയൂര്‍ഭഞ്ജ് ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന് ഇരയായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഇരുവരെയും ഒരു തൂണില്‍ കെട്ടിയിട്ടശേഷം വടികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശവാസികളില്‍ നിന്നും സഹോദരങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും മര്‍ദ്ദനമേറ്റു.

ANI

മാനസിക വിഭ്രാന്തിയുള്ള സഹോദരങ്ങൾ വഴി തെറ്റി ബാരിപാഡയിലെ ലക്ഷ്മിപോഷി ബറ്റാലിയന്‍ ചൗക്കില്‍ എത്തിപ്പെടുകയായിരുന്നു. ഇവരെ കണ്ട പ്രദേശവാസികള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. എന്നാൽ മാനസിക അസ്വാസ്ഥ്യമുള്ളവരായതിനാല്‍ ഇവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ പ്രദേശവാസികള്‍ ഇവരെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഇവരുടെ അച്ഛനും സ്ഥലത്തെത്തുകയായിരുന്നു.

പൊലീസ് എത്തിയാണ് സഹോദരങ്ങളെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ മർദ്ദിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതുവെന്നും റിപ്പോർട്ട് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ