മെൽബൺ: ഓസ്ട്രേലിയയിലെ ഡാർലിങ് നദി വെള്ളക്കടലായി മാറിയ കാഴ്ചയാണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തു പൊങ്ങിയതോടെയാണ് നദി വെള്ളക്കടൽ പോലെയായത്. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി. വരും ദിവസങ്ങളിലും ഇത് സംഭവിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. ജനുവരി 6 നും 7 നും ഇത്തരത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ക്രിസ്മസിനു മുൻപായും നൂറുക്കണക്കിന് മീനുകൾ ചത്തുപൊങ്ങി.

പച്ച നിറമുള്ള വിഷ ആല്‍ഗെകളാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്നാണ് നിഗമനം. ഡാര്‍ലിങ് നദിയിലെ ജലം പലയിടങ്ങളിലേക്കും വഴി തിരിച്ചു വിട്ടതാണ് ആൽഗെ പെരുകാൻ ഇടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വിഷ ആൽഗെകൾ പെരുകി. ഇതോടെ നദിയിലെ ഓക്സിജൻ അളവ് കുറയുകയും ആൽഗെകൾ മീനുകൾ ഭക്ഷിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ സംഭവത്തിന് കാരണമെന്നാണ് നിഗമനം.

മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അധികൃതരുടെ ഭാഗത്തുനിന്നും വേണ്ട നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ