ന്യൂഡല്‍ഹി: സ്വയം തീരുമാനങ്ങളെടുക്കാനുള്ള ഇച്ഛാശക്തിയും അധികാരവും സ്ത്രീകള്‍ക്കുണ്ടെന്ന് ആര്‍എസ്എസ് തലവൻ മോഹന്‍ ഭാഗവത്. സ്ത്രീകള്‍ക്കുവേണ്ടി പുരുഷന്‍മാര്‍ തീരുമാനങ്ങളെടുക്കേണ്ട ആവശ്യമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും പരിപാടിയില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.
Read Also: മോദിയെ ‘ഇന്ത്യയുടെ പിതാവാക്കിയ’ ട്രംപ് ഇന്ത്യയുടെ ചരിത്രത്തെ അപമാനിച്ചു: ഒവൈസി
“സ്ത്രീകളേക്കാള്‍ കൂടുതൽ കാര്യങ്ങള്‍ അറിയാമെന്ന് പുരുഷന്‍മാര്‍ വിചാരിക്കരുത്. സ്ത്രീകള്‍ക്കു വേണ്ടി പുരുഷന്‍മാര്‍ തീരുമാനങ്ങളെടുക്കരുത്. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. അതിനുള്ള അധികാരം അവർക്കുണ്ട്. സ്ത്രീകളുടെ വളര്‍ച്ചയില്‍ പിന്തുണ നല്‍കുക മാത്രമാണ് പുരുഷന്‍മാര്‍ ചെയ്യേണ്ടത്” മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാര്യാ ഭര്‍തൃ ബന്ധത്തെക്കുറിച്ച് 2013 ല്‍ മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഒരു ഉടമ്പടിയുടെ പുറത്തുള്ള ബന്ധമാണ് ഭാര്യാ ഭര്‍തൃ ബന്ധമെന്നും ഉടമ്പടി തെറ്റിച്ചാല്‍ ഭാര്യയെ ഒഴിവാക്കാന്‍ പുരുഷന് അധികാരമുണ്ടെന്നുമാണ് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശം.