ന്യൂഡൽഹി: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും പാർലമെന്റ് അംഗവുമായിരുന്ന ഇ.അഹമ്മദ് (78) അന്തരിച്ചു. പുലർച്ചെ 2.15 ഓടെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടന്നുകൊണ്ടിരിക്കെ 11.30 നു പാർലമെന്റിൽ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. പുലർച്ചെ 2.15 നു മരണം സ്ഥിരീകരിച്ചു.

ഭൗതികശരീരം ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്ക് മാറ്റി. രാവിലെ എട്ടു മുതൽ 12 വരെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തിൽ ഭൗതികശരീരം കരിപ്പൂരിലേക്കെത്തിക്കും. കരിപ്പൂർ ഹജ് ഹൗസിലും കോഴിക്കോട് ലീഗ് ഹൗസിലും വൈകിട്ട് പൊതുദർശനത്തിനു വയ്ക്കും. രാത്രി കണ്ണൂരിലേക്കു കൊണ്ടുപോകും. നാളെ കണ്ണൂരിലാണ് കബറടക്കം.

യുപിഎ സർക്കാരിന്റെ കാലത്ത് വിദേശ്യകാര്യ മന്ത്രിയായും റയിൽവേ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്ന് പാർലമെന്റിൽ എത്തിയ അദ്ദേഹം പാർലമെന്റിലെ സീനിയർ അംഗങ്ങളിൽ ഒരാളാണ്. 91 മുതൽ 2014 വരെ തുടർച്ചയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും കൂടുതൽ കാലമുണ്ടായിരുന്ന മലയാളി കൂടിയാണ്.

ഭാര്യ സുഹറ 1999 ൽ നിര്യാതയായി. മക്കൾ: റയീസ് അഹമ്മദ് (ദുബായ്), നസീർ അഹമ്മദ് (ബഹ്റൈൻ), ഡോ. ഫൗസിയ ഷർസാദ് (ദുബായ്). മരുമക്കൾ: നിഷാം റയീസ്, നൗഷീൻ നസീർ, ഡോ.ബാബു ഷെർസാദ്.

(വിഡിയോ കടപ്പാട് മനോരമ ന്യൂസ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook