മുംബൈ: വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്നു കടന്നുകളഞ്ഞ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കു ഡൊമിനിക്കയിലെ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ആന്റിഗ്വയില്‍നിന്ന് അനധികൃതമായി രാജ്യത്തേക്കു കടന്നതിനാണു ചോക്സി ഡൊമിനിക്കയില്‍ അറസ്റ്റിലായത്. പരുക്കേറ്റ ചോക്സിയെ ചികിത്സയ്ക്കായി പൊലീസ് സംരക്ഷണത്തില്‍ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
കരീബിയന്‍ ദ്വീപ് രാജ്യമായ ഡൊമിനിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് അറസ്റ്റിലായ ചോക്സിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കണമെന്ന് ഈസ്റ്റേണ്‍ കരീബിയന്‍ സുപ്രീം കോടതി (ഇസിഎസ്സി) ബുധനാഴ്ചയാണ് ഉത്തരവിട്ടത്. ഇന്ത്യയിലേക്കു നാടുകടത്തുന്നതിനെതിരെ ചോക്സിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഈ ഉത്തരവ്.
ചോക്സിയുടെ അപേക്ഷ നിലനില്‍ക്കുന്നതല്ലെന്നും ഇന്ത്യയിലേക്കു നാടുകടത്തണമെന്നും ഡൊമിനിക്കന്‍ പബ്ലിക് പ്രോസിക്യൂഷന് സര്‍വീസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒന്‍പതാം അനുച്ഛേദം പ്രകാരം ചോക്സി ഇന്ത്യന്‍ പൗരനല്ലെന്നായിരുന്നു ചോക്സിയുടെ അഭിഭാഷകരുടെ വാദം. ഭരണഘടനയുടെ ഒന്‍പതാം അനുച്ഛേദം പ്രകാരം, വിദേശപൗരത്വം നേടുന്ന ഏതൊരു വ്യക്തിയ്ക്കും സ്വയമേവ ഇന്ത്യന്‍ പൗരത്വം നഷ്ടമാകുമെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാണ്ടി. കേസില്‍ ഇന്ന് വാദം പുനരാരംഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ (പിഎന്‍ബി) വഞ്ചിച്ച് 13,600 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ചോക്സിക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കുറ്റം. പിഎന്‍ബി കുംഭകോണം പുറത്തുവരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഇന്ത്യയില്‍നിന്നു മുങ്ങുകയായിരുന്നു. 2018 ജനുവരി ഏഴു മുതല്‍ ചോക്സി ഇന്ത്യക്കു പുറത്താണ്. അതേ വര്‍ഷം ജനുവരി 15ന് ചോക്സി ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പൗരത്വം നേടി.
മേയ് 23 ന് ആന്റിഗ്വ ആന്‍ഡ് ബാര്ബുഡയില്നിന്നു കാണാതായ ചോക്സിയെ തൊട്ടടുത്ത ദിവസം ഡൊമിനിക്കയിലെ പൊലീസ് പിടികൂടുകയായിരുന്നു. ബോട്ടിലാണ് ചോക്സി ഡൊമിനിക്കയിലെത്തിയത്. തുടര്‍ന്ന്, ചോക്സിയ്ക്ക് നേരിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഇന്ത്യന്‍ നിയമപാലകര്ക്കാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ഡൊമിനിക്കയോട് ‘പ്രത്യേകമായി അഭ്യര്‍ഥിച്ചതായി’ ആന്റിഗ്വ ആന്‍ഡ് ബാര്ബുഡെ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞിരുന്നു.
അതേസമയം, അറുപത്തി രണ്ടുകാരനായ മെഹുല്‍ ചോക്സി പലായനം ചെയ്തതല്ലെന്നും ഹണി ട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പറയുന്നത്. ആറുമാസമായി ചങ്ങാത്തത്തിലുള്ള സ്ത്രീ ചോക്സിയെ മേയ് 23 ന് ആന്റിഗ്വയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയും അവിടെനിന്ന് ഒരു കൂട്ടം പുരുഷന്മാര് തട്ടിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഡൊമിനിക്കയിലേക്കു ബോട്ടില്‍ കടത്തുന്നതിനു മുമ്പ് ചോക്സിയെ മര്‍ദിച്ചതായും അഭിഭാഷകര്‍ ആരോപിച്ചു.