ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേകാധികാരം സംബന്ധിച്ച സംവാദങ്ങള്‍ തുടരുന്നതിനിടെ കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന അനുഛേദം 370ന്റെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ സ്ഥിരതാമസക്കാരെ തീരുമാനിക്കാനുള്ള സര്‍ക്കാരിന്റെ വിവേചനാധികാരത്തെ നിര്‍വചിക്കുന്ന ഭരണഘടനയുടെ 35 എ അനുഛേദത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തരം ചര്‍ച്ചകള്‍ കശ്മീരിനു മേല്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാക്കുകയാണെന്നും അതിനാല്‍ ഇത്തരം ഇടപെടലുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുഫ്തി പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുമെന്നും സമാധാനപരമായ കാശ്മീരാണ് ആവശ്യമെന്നും മുഫ്തി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ