ന്യൂഡൽഹി:  പിഡിപി പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതായി ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷൻ വക്താവ് രോഹിത് കൻസൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും അന്നത്തെ സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിറകേയാണ് ജമ്മു കശ്മീരിലെ മറ്റ് രാഷ്ട്രീയ നേതാക്കൾക്കൊപ്പം മുഫ്തിയെയും തടങ്കലിലേക്ക് മാറ്റിയത്.

പൊതു സുരക്ഷാ നിയമം (പിഎസ്എ) ചുമത്തിയായിരുന്നു മുഫ്തിയെ തടവിലാക്കിയത്. ശ്രീനഗറിന് സമീപം സർക്കാർ കേന്ദ്രത്തിൽ ഏഴുമാസത്തെ തടങ്കലിൽ പാർപ്പിച്ചതിന് ശേഷം 2020 ഏപ്രിലിൽ മുഫ്തിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു.

പബ്ലിക് സേഫ്റ്റി ആക്ട് (പി‌എസ്‌എ) പ്രകാരം മുഫ്തിയുടെ തടവ് ഒരു വർഷത്തിനപ്പുറം നീട്ടാൻ കഴിയുമോയെന്നും അങ്ങനെയാണെങ്കിൽ എത്രകാലം കൂടി അത് നീട്ടാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും സുപ്രീംകോടതി ജമ്മു കശ്മീർ (ജമ്മു കശ്മീർ) ഭരണകൂടത്തോട് രണ്ടാഴ്ച മുൻപ് ആരാഞ്ഞിരുന്നു. ഈ വിഷയത്തിൽ കോടതി വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കാനിരിക്കുകയാണ്. മാതാവിനെ തുടർച്ചയായി തടങ്കലിൽ വെക്കുന്നതിനെതിരെ മുഫ്തിയുടെ മകൾ ഇൽറ്റിജ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.

“മെഹബൂബ മുഫ്തിയുടെ നിയമവിരുദ്ധ തടങ്കൽ അവസാനിക്കുന്നതോടെ, ഈ ദുഷ്‌കരമായ സമയങ്ങളിൽ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാൻ ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളെല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത് ഇൽറ്റിജയാണ് സൈൻ ഓഫ് ചെയ്യുന്നത്,” ഇൽറ്റിജ മെഹബൂബയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തു.

മെഹബൂബയുടെ മോചനത്തെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും ദേശീയ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല സ്വാഗതം ചെയ്തു. “ഒരു വർഷത്തിലേറെ തടങ്കലിൽ കഴിഞ്ഞ് മെഹബൂബ മുഫ്തി സാഹിബയെ മോചിപ്പിച്ചതായി കേട്ടതിൽ സന്തോഷമുണ്ട്. അവരെ തുടർച്ചയായി തടഞ്ഞുവയ്ക്കുന്നത് അപഹാസ്യവും ജനാധിപത്യത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾക്ക് വിരുദ്ധവുമായിരുന്നു,” ഒമർ അബ്ദുല്ല പറഞ്ഞു.

ഒമർ അബ്ദുല്ല അടക്കമുള്ള നേതാക്കളെയും പിഎസ്എ പ്രകാരം ജമ്മുകശ്മീരിൽ തടങ്കലിലാക്കിയിരുന്നു. മാർച്ചിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല, വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല എന്നിവരെ ഏഴുമാസത്തിന് ശേഷം തടവിൽ നിന്ന് മോചിപ്പിച്ചിരുന്നു. ജൂണിൽ, മുൻ ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമായി ഷാ ഫൈസലിനെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ട് മുതിർന്ന അംഗങ്ങളെയും വിട്ടയച്ചിരുന്നു.

Read More: Former J&K CM Mehbooba Mufti released from detention

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook