ന്യൂഡല്‍ഹി: കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെ, സുപ്രധാന മുന്നറിയിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞാല്‍ ഇന്ത്യയുടെ ദേശീയ പതാക കശ്മീരില്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് ഒന്നുകൂടി ആലോചിക്കേണ്ടി വരുമെന്ന് ഇരുവരും വ്യക്തമാക്കി.
‘എപ്പോഴെല്ലാം തിരഞ്ഞെടുപ്പ് വരുന്നുവോ അപ്പോഴെല്ലാം നിര്‍ഭാഗ്യവശാല്‍ ജമ്മു കശ്മീര്‍ മുഴുവന്‍ രാജ്യത്തിന്റേയും ഭാഗമാകുന്നു. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പായി അഫ്‌സല്‍ ഗുരുവിനെ ധൃതിയില്‍ തൂക്കിലേറ്റി. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഒരു ഉറപ്പും ഇല്ല. രാജ്യത്തെ അധികാരകേന്ദ്രങ്ങളോട് എന്റെ വിനീതമായ അപേക്ഷ ഇതാണ്, തീകൊണ്ട് കളിക്കരുത്. അത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. അത്തരത്തില്‍ ഒരു വഞ്ചന നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയാണെങ്കില്‍ 35 എ അനുച്ഛേദം എങ്ങനെ സംരക്ഷിക്കാം എന്നതാവില്ല, ജമ്മു കശ്മീരിനെ എങ്ങനെ സംരക്ഷിക്കാം എന്നതാവും ചോദ്യം,’ മുഫ്തി പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അത് എടുത്തുകളയുന്നത് പ്രത്യഘാതങ്ങള്‍ക്കിടയാക്കുമെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ളയും വ്യക്തമാക്കി.
അരുണാചല്‍ പ്രദേശില്‍ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞതിനേക്കാള്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാം ഇതെന്നും ഒമര്‍ അബ്ദുള്ള ഓർമപ്പെടുത്തി. വളരെ സമാധാനപരമായിട്ടുള്ള അരുണാചൽ പ്രദേശില്‍പോലും ഇതിനെ തുടര്‍ന്ന് സംഘട്ടനമുണ്ടായി. സ്ഥിരം പദവി നിലനിര്‍ത്തുന്നതിനു വേണ്ടി അവര്‍ തെരുവിലിറങ്ങുകയായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 35 എ അനുച്ഛേദ പ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്മീരില്‍ സ്വത്ത് വാങ്ങാനോ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീകള്‍ക്ക് സ്വത്തിന് അവകാശമോ ഉണ്ടായിരിക്കില്ല.