ശ്രീനഗർ: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കാശ്മീർ തർക്കം പാക്കിസ്ഥാനുമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. അഞ്ച് ജവാന്മാരടക്കം ആറ് പേരുടെ മരണത്തിന് ഇടയാക്കിയ സുഞ്ജുവാൻ സൈനിക ക്യാംപ് ഭീകരർ ആക്രമിച്ചതിന് പിന്നാലെയാണ് യുദ്ധമല്ല പരിഹാരം എന്ന വാദവുമായി മുഖ്യമന്ത്രി രംഗത്ത് വന്നത്.

ശ്രീനഗറിലെ കരൻനഗറിൽ ഇന്ന് രാവിലെ ഉണ്ടായ ആക്രമണം സിആർപിഎഫ് ജവാന്മാർ തടഞ്ഞു. “ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടാകുന്ന രക്തച്ചൊരിച്ചിൽ ഒഴിവാക്കണം. പാക്കിസ്ഥാനുമായി വിഷയം അടിയന്തിരമായി ചർച്ച ചെയ്യണം. ഞാൻ ദേശവിരുദ്ധയായി ചിത്രീകരിക്കപ്പെട്ടേക്കാം. അതല്ല പ്രധാനം. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്. യുദ്ധം പരിഹാരമല്ലാത്തതിനാൽ നമ്മൾ സംസാരിച്ചേ പറ്റൂ”, തന്റെ ട്വിറ്റർ അക്കൗണ്ടിൽ മെഹബൂബ മുഫ്തി വിശദീകരിച്ചു.

പാക്കിസ്ഥാനുമായി കാശ്മീർ വിഷയത്തിൽ ചർച്ച ആവശ്യപ്പെടുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ നിശിതമായി വിമർശിച്ചാണ് മുഫ്തി നിയമസഭയിൽ പ്രസംഗിച്ചത്. “ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളും നമ്മൾ വിജയിച്ചു. എന്നിട്ടും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല. നമ്മുടെ ജവാന്മാരും നാട്ടുകാരും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അടൽ ജി (അടൽ ബിഹാരി വാജ്പേയി) ഇന്നത്തെ സാഹചര്യത്തിലാണ് പാക്കിസ്ഥാനിലേക്ക് ബസ് മാർഗം പോയതെങ്കിൽ എന്തായിരിക്കും മാധ്യമങ്ങൾ പറയുകയെന്നാണ് ഞാൻ അമ്പരക്കുന്നത്” മുഫ്തി പറഞ്ഞു.

തൽവാരയിൽ ജനുവരിയിൽ നടന്ന പൊലീസ് പരേഡ് സമയത്ത് തന്നെ പാക്കിസ്ഥാനുമായി നയതന്ത്ര ചർച്ച വേണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരുന്നു. മുൻ പാക് പ്രസിഡന്റ് പർവ്വേസ് മുഷാറഫ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് നൽകിയ വാഗ്ദാനം ഓർമ്മിപ്പിച്ചുകൊണ്ട്, “പാക്കിസ്ഥാനുമായി സമാധാന ശ്രമങ്ങൾ പുനരാരംഭിക്കണം. കാശ്മീരിന്റെ സമാധാന ശ്രമങ്ങളിൽ ഇന്ത്യക്കാണ് കൂടുതൽ ഉത്തരവാദിത്വം ഉളളത്”, മുഫ്തി ചൂണ്ടിക്കാട്ടി.

കാശ്മീരിൽ രക്തപ്പുഴ ഒഴുകുകയാണ്. വികസനത്തെ കുറിച്ച് ഇടയ്ക്കിടെ പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിലെ യാഥാർത്ഥ്യമങ്ങൾ മനസിലാക്കുന്നില്ല. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ വീട്ടിനകത്ത് നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ കഴിയുകയാണ്. ജമ്മു കാശ്മീർ ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സമാധാനത്തിന്റെ പാലമാവുകയാണ് വേണ്ടത് അല്ലാതെ യുദ്ധക്കളമല്ല”, മുഫ്തി ഓർമ്മിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook