ശ്രീനഗർ: ജമ്മു കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻഖാന് നീട്ടിയ ‘സൗഹൃദത്തിന്റെ കൈ’ ഇന്ത്യ സ്വീകരിക്കണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇമ്രാൻ ഖാനുമായി ചർച്ചയ്ക്ക് ഇന്ത്യ തയ്യാറാകണമെന്ന് നരേന്ദ്ര മോദിയോട് അവർ ആവശ്യപ്പെട്ടു.
പാക്കിസ്ഥാനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇമ്രാൻ ഖാന്റെ തെഹ്രീകെ ഇൻസാഫാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു ശേഷം ഇമ്രാൻ ഖാൻ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ക്ഷണം സ്വീകരിക്കണമെന്നാണ് മെഹബൂബ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇമ്രാൻ ഖാൻ ചർച്ചകൾക്ക് ക്ഷണിച്ച് കൊണ്ട് നീട്ടിയ കൈ പ്രധാനമന്ത്രി ഉപയോഗിക്കുമെന്നാണു കരുതുന്നതെന്നും മെഹ്ബൂബ പറഞ്ഞു. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുടെ 19-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചു നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മുഫ്തി.
മുന് പ്രധാനമന്ത്രി എ.ബി.വാജ്പേയി പാക്കിസ്ഥാനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചതിനാലാണ് ആ കാലത്ത് അതിർത്തിയിൽ വെടിനിർത്തലും പാലിക്കപ്പെട്ടത്. രാഷ്ട്ര തന്ത്രം ഇതാണെന്നും വാജ്പേയിയെ പോലുള്ള നേതാക്കൾ തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല മറിച്ചു ജനങ്ങളെക്കുറിച്ചാണു ചിന്തിക്കാറെന്നും മെഹബൂബ പറഞ്ഞു.
ജമ്മു കശ്മീരാണ് ഇന്ത്യൻ പ്രധാനമന്ത്രിക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇപ്പോഴും. ഇവിടുത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന പ്രധാനമന്ത്രിയുടെ പേര് ചരിത്രത്തിൽ എക്കാലവും വാഴ്ത്തപ്പെടുമെന്നും മെഹബൂബ പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്തം തന്റെ കൈയ്യിലല്ലെന്നും അവർ പറഞ്ഞു.