ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധം അറിയിച്ച് പിഡിപി നേതാവും ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ആരും ഔദാര്യമായി നല്കിയതല്ല അത് ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങള്‍ക്ക് അവകാശമായി നല്‍കിയതാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ നേതൃത്വവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയായിരുന്നു പ്രത്യേക അധികാരം. ഇപ്പോള്‍ അതേ ഉടമ്പടി തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു.
വിനാശകരമായ പരിണിത ഫലങ്ങള്‍ ഇതോടെ ഉപഭൂഖണ്ഡത്തില്‍ ഉണ്ടാകും. രാജ്യത്ത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ മാറ്റാന്‍ മാത്രമാണ് കേന്ദ്രത്തിന് താല്പര്യം. മുസ്ലീം ജനതയുടെ അധികാരം ഇല്ലാതാക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. കശ്മീര്‍ ജനതയെ തീവ്രവാദികളാക്കി ജമ്മു കാശ്മീര്‍ പ്രവിശ്യ പിടിച്ചെടുക്കുകയാണ് അവര്‍ക്ക് വേണ്ടതെന്നും മുഫ്തി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും മുഫ്തി പറഞ്ഞു.
ജമ്മു കാശ്മീരിലെ ജനങ്ങളെ ഇന്ത്യ ചതിച്ചു എന്നാണ് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞത്. ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസത്തെ ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് ഞെട്ടിക്കുന്ന ഒരു തീരുമാനമാണ്. ഈ തീരുമാനം അപകടകരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കും. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഭരണഘടനയെ ബിജെപി കൊലചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഭരണഘടന സംരക്ഷിക്കാന്‍ ജീവന് നല്‍കാനൊരുക്കമാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കാനാകില്ലെന്നും ആസാദ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
ജനാധിപത്യം കൊല ചെയ്യപ്പെട്ടു എന്ന് എംഡിഎംകെ നേതാവ് വെെക്കോ രാജ്യസഭയിൽ പറഞ്ഞു. ബില്ലിനെ എതിർക്കുന്നതായും ഇന്ന് നാണക്കേടിന്റെ ദിനമാണെന്നും വെെക്കോ പറഞ്ഞു. കശ്മീർ ജനതയുടെ വെെകാരിക പരിസരങ്ങളെ വച്ചാണ് നിങ്ങൾ കളിക്കുന്നത്. വലിയ ആശങ്ക തോന്നുന്നു. കാശ്മീർ ഒരു ദുരന്തമാക്കരുതെന്നും വെെക്കോ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദമാണ് ഇന്ന് റദ്ദാക്കിയത്. രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്.
Read Also: എന്താണ് ആര്‍ട്ടിക്കിള്‍ 370?
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.