ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നും തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിൾ. യുഎസ് മാധ്യമമായ സിബിഎസിൽ ഓപ്ര വിൻഫ്രയ്ക്കു നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി അവഗണനയെക്കുറിച്ചും വിചേചനത്തെക്കുറിച്ചും മേഗൻ വെളിപ്പെടുത്തിയത്.
എന്റെ മകൻ ആർച്ചിക്ക് ഇപ്പോൾ ഒരു വയസുണ്ട്. അവന്റെ ജനനത്തിനു മുൻപുതന്നെ അവന്റെ നിറം എന്തായിരിക്കുമെന്നുളള ചർച്ചകൾ രാജകുടുംബത്തിലുണ്ടായി. കുഞ്ഞ് കറുത്തതാകുമോയെന്ന ഭയം രാജകുടുംബത്തിനുണ്ടായിരുന്നു. കുഞ്ഞിന്റെ നിറത്തിന്റെ പേരില്‍ അവന് സുരക്ഷാസംവിധാനങ്ങളോ രാജകീയ പദവിയോ നിഷേധിക്കപ്പെടുമെന്ന വിവരം ഹാരിയാണ് തന്നോടു പങ്കുവച്ചതെന്നും മേഗൻ അഭിമുഖത്തിൽ പറഞ്ഞു. മേഗന്റെ പിതാവ് വെളുത്തവര്‍ഗക്കാരനും മാതാവ് കറുത്ത വംശജയുമാണ്.
വിവാഹശേഷം വിചാരിച്ചതിലും ഭീകരമായിരുന്നു കൊട്ടാരത്തിലെ ജീവിതം. ഒരു ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു. മാനസിക സംഘർഷങ്ങൾ മറികടക്കാൻ കൊട്ടാരത്തിൽനിന്ന് മെഡിക്കൽ സഹായം ആവശ്യപ്പെട്ടപ്പോൾ നിഷേധിക്കപ്പെട്ടുവെന്നും അതെന്നെ വളരയധികം വേദനിപ്പിച്ചുവെന്നും മേഗൻ വ്യക്തമാക്കി.
മേഗനിൽ ആത്മഹത്യ ചിന്തകൾ ഉണ്ടായിരുന്നതായി ഹാരിയും അഭിമുഖത്തിൽ പറഞ്ഞു. ആ സമയത്ത് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഒരു സഹായത്തിനുപോലും ആരുമുണ്ടായിരുന്നില്ല. മേഗനെക്കുറിച്ചു വംശീയാധിക്ഷേപം ഉന്നയിക്കുന്ന വാർത്തകളും ലേഖനങ്ങളും വന്നപ്പോൾ രാജകുടുംബത്തിലെ ആരും തന്നെ ഇതിനെതിരെ പ്രതികരിക്കാതിരുന്നത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ഹാരി പറഞ്ഞു.
കൊട്ടാരം ഉപേക്ഷിച്ചു പോയതിനുശേഷം അച്ഛൻ പ്രിൻസ് രാജകുമാരൻ തന്റെ ഫോൺ കോളുകളോട് പ്രതികരിക്കുന്നത് നിർത്തിയെന്നും ഹാരി അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നോട് അവർ സംസാരിക്കുന്നത് അവസാനിപ്പിക്കുന്നതിനു മുൻപ് മൂന്നു പ്രാവശ്യം മുത്തശിയുമായും രണ്ടു തവണ അച്ഛനുമായും സംസാരിച്ചു. കഴിഞ്ഞ വർഷം ആദ്യ പാദം മുതൽ രാജകുടുംബം സാമ്പത്തികമായി നൽകിയിരുന്നതെല്ലാം അവസാനിപ്പിച്ചുവെന്നും അമ്മ ഡയാന രാജകുമാരി തനിക്കായി അവശേഷിപ്പിച്ച പണത്തെ ആശ്രയിച്ചാണ് ജീവിച്ചതെന്നും ഹാരി പറഞ്ഞു.
വിവാഹത്തിനു മുൻപ് താൻ കെയ്റ്റിനെ കരയിപ്പിച്ചുവെന്ന വാർത്തകൾ മേഗൻ നിഷേധിച്ചു. മറിച്ചാണ് സംഭവിച്ചതെന്ന് മേഗൻ പറഞ്ഞു. ”വിവാഹത്തിന് ഏതാനും ദിവസം മുൻപ് എന്തോ വിഷയത്തിൽ കെയ്റ്റ് ആകുലയായിരുന്നു. അവർക്ക് അക്കാര്യത്തിൽ ബോധ്യമുണ്ടായിരുന്നു. അതിനാലാണ് മാപ്പു ചോദിച്ചുളള കുറിപ്പിനൊപ്പം എനിക്കവർ പൂക്കൾ അയച്ചുതന്നതും,” മേഗൻ പറഞ്ഞു. ഹാരിയുടെ വിവാഹ സമയത്ത് കെയ്റ്റിന്റെ മൂന്നു വയസുളള മകൾ ഷാർലെറ്റിന്റെ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. വിവാഹത്തിന് ഷാർലെറ്റിനായി തയ്യാറാക്കിയ വസ്ത്രം കെയ്റ്റിന് ഇഷ്ടപ്പെട്ടില്ലെന്നും അതിന്റെ പേരിൽ കെയ്റ്റ് കരഞ്ഞുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നത്.
രാജകീയമായ വിവാഹത്തിനു മൂന്നു ദിവസം മുൻപുതന്നെ തങ്ങൾ ഔദ്യോഗികമായി വാഹിതരായിരുന്നെന്നും ഇക്കാര്യം മറ്റാർക്കും അറിയുമായിരുന്നില്ലെന്നും ഇരുവരും പറഞ്ഞു. താൻ വീണ്ടും ഗർഭിണിയാണെന്ന വിവരവും മേഗൻ അഭിമുഖത്തിൽ വ്യക്തമാക്കി. തങ്ങൾക്ക് പിറക്കാനിരിക്കുന്നത് മകളാണെന്നും ഹാരിയും മേഗനും വെളിപ്പെടുത്തി.
ചാള്‍സ് രാജകുമാരന്‍റെയും ഡയാനയുടെയും രണ്ടാമത്തെ പുത്രനാണ് ഹാരി. യുഎസിൽ ജനിച്ചു വളർന്ന മേഗൻ നടിയെന്ന നിലയിൽ പ്രശസ്തയാണ്. വിവാഹമോചിതയാണ് മേഗൻ. ഹാരിയുടെയും മേഗന്റെയും പ്രണയ വിവാഹമാണ്. 2020 ജനുവരിയിലാണ് രാജകീയ പദവികൾ ഉപേക്ഷിച്ച് ഇരുവരും കൊട്ടാരം വിട്ടുപോയത്.