ന്യൂഡല്‍ഹി: മേഘാലയയില്‍ 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ രണ്ടാമത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇതുവരെ പുറത്തെത്തിക്കാനും സാധിച്ചിട്ടില്ല.

‘ഇന്ത്യന്‍ നാവിക സേനയുടെ നീന്തല്‍ സംഘം എലിമാളം പോലുള്ള ഖനിയുടെ 280 അടി താഴ്ചയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ ആളുടെ മൃദദേഹം ഇന്നലെയാണ് പുറത്തെത്തിച്ചത്,’ നാവിക സേനയുടെ വക്തമാവ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിവരം പങ്കുവച്ചു.

ഈസ്റ്റ് ജയന്ത്യ ഹില്‍സ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഫെഡറിക് ഡോപ്തും ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. മൃതശരീരം ഏതവസ്ഥയില്‍ ആണെന്നോ എന്താണ് ചെയ്യുക എന്നോ എങ്ങനെയാണ് പുറത്തെത്തിക്കുക എന്നതിനെക്കുറിച്ചോ നിലവില്‍ യാതൊരു വിവരവും ഇല്ല.

ഡിസംബര്‍ 13നാണ് 15 തൊഴിലാളികള്‍ കസാന്‍ മേഖലയിലെ അനധികൃത ഖനിയുടെ ഉള്ളില്‍ കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. 2014ല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനധികൃത ഖനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാനത്ത് ഇത്തരം ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ നടപടി കൈക്കൊള്ളാത്തതിന്റെ പേരില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജനുവരി 17നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയുടെ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 24നായിരുന്നു മൃതദേഹം പുറത്തെത്തിച്ചത്.

പ്രധാന ഖനിയുടെ ഒരു ഭാഗത്ത് നിന്നും വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. 355 അടിയോളം താഴ്ച്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈപൂങ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ആര്‍ഒവിയുടെ (റിമോട്ടഡ്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കഷണങ്ങളായി പോകുന്ന നിലയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook