കേരളത്തിന് പിന്നാലെ കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ മേഘാലയ നിയമസഭയും പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയില്‍ സര്‍ക്കാരാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. വിജ്ഞാപനം പിന്‍വലിക്കമെന്ന് ഐകകണ്ഠ്യേന പ്രമേയം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ മേഘാലയയിലെ ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. നോർത്ത് ഗാരോ ഹിൽസ് ജില്ലാ പ്രസിഡന്റ് ബച്ചു മറാകും വെസ്റ്റ് ഗാരോ ഹിൽസ് പ്രസിഡന്റ് ബെർനാഡ് മറാക്കും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു.

ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയിൽ പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുകുൾ സാങ്മ അഭിപ്രായപ്പെട്ടു. അടുത്ത മാസം ഒന്നിന് നിലവിൽ വരുന്ന ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് തിങ്കളാഴ്ച പ്രത്യേക യോഗം വിളിച്ചത്. ഇതിനൊപ്പമാണ് കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട കാര്യവും ചർച്ച ചെയ്തത്.

Read More : ബീഫ് വിവാദം: മേഘാലയയിൽ ബിജെപി നേതാവ് രാജിവച്ചു: ബീഫ് ഫെസ്റ്റ് നടത്തുമെന്ന് റിപ്പോർട്ട്

പ്രതിപക്ഷ പാർട്ടികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ബിജെപിയുടെ സഖ്യകക്ഷിയായ നാഷ്നൽ പീപ്പിൾസ് പാർട്ടി എന്നിവരും കേന്ദ്രം ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.

അടുത്ത വർഷമാണ് മേഘാലയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ബിജെപിയുടെ സാധ്യതകൾക്കു മങ്ങലേൽപ്പിച്ച് കശാപ്പ് നിയന്ത്രണം കൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ