ന്യൂഡല്‍ഹി : കോണ്‍ഗ്രസിനെ അധികാരത്തില്‍ അകറ്റിനിര്‍ത്തിക്കൊണ്ട് മേഘാലയയില്‍ തങ്ങള്‍ മന്ത്രിസഭ രൂപീകരിക്കും എന്ന് അറിയിച്ചുകൊണ്ട്‌ ബിജെപി മുന്നോട്ട് വന്നതിന് തൊട്ടടുത്ത ദിവസം ബിജെപിക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആഞ്ഞടിക്കുകയാണ് രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രം നേടിയ ബിജെപി മറ്റുള്ളവരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് അധികാരത്തില്‍ ഏറിയതിനെ അട്ടിമറി എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. വന്‍ തോതില്‍ പണം ഒഴുക്കികൊണ്ട് അവസരവാദപരമായ സഖ്യം രൂപീകരിക്കുകയായിരുന്നു ബിജെപി എന്നും ആരോപിച്ചു.

എങ്ങനെയും അധികാരം ‘പിടിച്ചുവാങ്ങുക’ ഏന്ന ഒരൊറ്റ ഉദ്ദേശമുള്ള ബിജെപി സംസ്ഥാനത്തെ ജനങ്ങളുടെ തീരുമാനങ്ങളോടുള്ള അനാദരവാണ് അതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ആരോപിച്ചു.

” വെറും രണ്ട് സീറ്റുകളുമായാണ് ബിജെപി മേഘാലയയിലെ അധികാരം പിടിച്ചെടുത്തത്. മണിപ്പൂരിലും ഗോവയിലും നടന്നത് പോലെ വന്‍ തോതില്‍ പണം ഒഴുക്കിക്കൊണ്ടാണ് അവര്‍ അവസരവാദപരമായ മുന്നണി രൂപീകരിക്കുന്നത്. ജനങ്ങളുടെ തീരുമാനങ്ങളോടുള്ള കടുത്ത അനാദരവ് ആണിത്.” രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു.

മേഘാലയത്തില്‍ 21 സീറ്റ് നേടിയ ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും കോണ്‍ഗ്രസിന് മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചില്ല. കോണ്‍രാദ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ബിജെപി, പ്രാദേശിക പാര്‍ട്ടികളായ യുഡിപി, എച്ച്എസ്പിഡിപി, പിഡിഎഫ് എന്നിവര്‍ ചേര്‍ന്ന മുന്നണിയാണ് മേഘാലയത്തില്‍ മന്ത്രിസഭ രൂപീകരിക്കുന്നത്. ഞായറാഴ്ച്ചയാണ് അറുപത് സീറ്റുള്ള നിയമസഭയില്‍ 34 എംഎല്‍എമാരുള്ള മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും എന്ന് പ്രഖ്യാപിക്കുന്നത്. എന്‍പിപി മുഖ്യനും ലോകസഭാ എംപിയുമായ കോണ്‍രാദ് സാങ്മയാകും മുഖ്യമന്ത്രി.

മേഘാലയത്തില്‍ അധികാരം നഷ്ടപ്പെട്ടതോട് കൂടി കര്‍ണാടക, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. അടുത്തമാസം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ് കര്‍ണാടക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ