മേഘാലയ എന്ന വടക്ക് കിഴക്കൻ​ സംസ്ഥാനം ഇന്ന് പോളിങ് ബൂത്തിൽ കയറുമ്പോൾ ചങ്കിടിക്കുന്നത് തെക്കേയറ്റത്ത് കിടക്കുന്ന മലയാളികൾക്കാണ്. മൽസരിക്കാനില്ലെങ്കിലും അങ്കത്തട്ടിൽ ചേവകർ വേഷത്തിൽ പോരിനിറങ്ങിയിരിക്കുന്നത് മലയാളികളാണ് എന്നതാണ് ഇവിടുത്തെ ചങ്കിടിപ്പിന് കാരണം. തിരഞ്ഞെടുപ്പിൽ മൽസരിക്കാനുളള ചങ്കുറപ്പ് മലയാളി അവിടെ കാണിച്ചില്ലെങ്കിലും അവിടുത്തെ തിരഞ്ഞെടുപ്പിന്‍റെ ചുക്കാൻ​ പിടിക്കുന്നതൊക്കെ മലയാളികളാണ്.

മലയാളികൾ വോട്ടർമാരില്ല, ഗണ്യമായ ശക്തിയല്ല മേഘാലയത്തിൽ. പക്ഷേ, കോൺഗ്രസിന്‍റെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ്​ പ്രചരണത്തി​ന്‍റെ കടിഞ്ഞാൺ മലയാളി രാഷ്​ട്രീയക്കാരുടെ വിരലുകളിലായിരുന്നു.

Nongpoh: Polling officers carry an electronic voting machine (EVM) after collecting it from a distribution centre ahead of Meghalaya Assembly election at Nongpoh of Ri-Bhoi district in Meghalaya on Monday. PTI Photo

ബിജെപിയുടെ പ്രചാരണ ചുമതല കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനാണ്. ബിജെപി നയിക്കുന്ന മോദി സർക്കാരിലെ ഏക ക്രിസ്ത്യാനിയും മലയാളിയുമായ കേന്ദ്രമന്ത്രി. മന്ത്രിയായി ചുമതലയേറ്റത്​ മുതൽ വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളിൽ ആഴ്​ച തോറും പോകുന്ന കണ്ണന്താനമാണ്​ ​എന്‍ഡിഎ മുന്നണിയ്ക്കും മേഘാലയത്തിലെ​ 80 % ൽ അധികം ക്രൈസ്​തവ വോട്ടർമാർക്കും​ ഇടയിലെ പാലം. മേഘാലയയിലും ബിജെപി പയറ്റുന്നത് ഹിന്ദുത്വയല്ല, അവിടെ ബീഫ് രാഷ്ട്രീയമില്ല, ഹിന്ദുത്വയുടെ വീമ്പും വമ്പും പറച്ചിലില്ല. പശു ഗുണ്ടായിസം ഇല്ല. ആകെ ഉപദേശി മട്ടിലാണ് ഇവിടെ ബിജെപി.

ആകെ ഉളള​ ഒരു അൽഫോൺസ് കണ്ണന്താനത്തെ ഇറക്കി ബിജെപി ക്രൈസ്തവ കാർഡ് കളിച്ചപ്പോൾ കോൺഗ്രസ്​ ദേശീയ നേതൃത്വം കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം ഡസനിലധികം ക്രൈസ്​തവ സമുദായത്തില്‍ പെട്ട നേതാക്കളെയാണ്​ മേഘാലയയിലേക്ക്​ വണ്ടി കയറ്റിയത്.

Nongpoh: Polling officers carry an electronic voting machine (EVM) after collecting it from a distribution centre ahead of Meghalaya Assembly election at Nongpoh of Ri-Bhoi district in Meghalaya on Monday. PTI Photo

കേരളത്തിലെ കോൺഗ്രസിൽ മാത്രമല്ല, രാഷ്ട്രീയത്തിലെ ബലതന്ത്രങ്ങളിൽ ഹൈക്കമാൻഡിനെ വരെ വരച്ചവരയിൽ നിർത്തുന്ന ഉമ്മൻചാണ്ടിയെയാണ് കോൺഗ്രസ് മേഘാലയത്തിലെ കളത്തിലിറക്കിയിരിക്കുന്നത്. എഐസിസിയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഉമ്മൻചാണ്ടി ​പ്രചരണത്തിന്​ വടക്ക്​ കിഴക്കൻ സംസ്ഥാനങ്ങളിൽ പോയത്. ​ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും സ്ഥാനാർത്ഥിത്വവുമൊക്കെയായി ബന്ധപ്പെട്ട് ഹൈക്കമാൻഡിനോട് ഇടഞ്ഞ ഉമ്മൻചാണ്ടി ഇതുവരെ അയഞ്ഞിട്ടില്ല. ഭരണം പോയതിനെ തുടർന്ന് അധികാര സ്ഥാനങ്ങളിലേക്കൊന്നും കടന്നു വരാതെ അണികൾക്കിടയിലേയ്ക്കിറങ്ങിയ ഉമ്മൻചാണ്ടി ഹൈക്കമാൻഡിനോട് മുറുകി തന്നെ നിൽക്കുകയാണ്. അതിനിടയിലാണ് ഹൈക്കമാൻഡ് മേഘാലയത്തിലേക്ക് പോകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അദ്ദേഹവും വലംകൈകളിലൊന്നായ കെ.സി.ജോസഫുമാണ് മേഘാലയത്തിലേയ്ക്ക് വണ്ടി പിടിച്ചത്.

ഉമ്മൻചാണ്ടിയെ കൂടാതെ ആ​ന്റോ ആന്റണി എംപി, ജോസഫ്​ വാഴക്കൻ, ലാലി വിൻസെന്റ്​, ഡൊമനിക്​ പ്രസ​ന്റേഷൻ, ജോർജ്ജ്​ മെഴ്​സിയർ, ഇ.എം. അഗസ്​തി, ടോമി കല്ലാനി, സജീവ്​ ​ജോസഫ്​, ജോണി കുളപ്പുള്ളി, സൈമൺ അലക്സ്​, മധു എബ്രഹാം, സാനു ജോർജ്ജ്​ എന്നീ കേരള നേതാക്കൾ മേഘാലയത്തിലെ ചങ്കിടിപ്പ് പേറുന്നവരാണ്. കഴിഞ്ഞ പ്രാവശ്യവും മേഘാലയത്തിൽ പ്രചരണത്തിന്‍റെ ഏകോപന ചുമതല വഹിച്ചതും ആ​ന്റോ ആന്റണി​ ആയിരുന്നു.

ബീഫിന്‍റെ പേരിൽ ബിജെപി വിട്ട നേതാക്കൾ പോലും ഇവിടെയുണ്ട്. ഹിന്ദുത്വതയും ബീഫും അതിദേശീയതാവാദവുമൊക്കെ മാറ്റിവച്ചാണ് ബിജെപി ഇവിടെയും കളിക്കുന്നത്. വികസനമാണ് ഇവിടെ ബിജെപി  ഉയർത്തുന്ന മന്ത്രം. എന്നാൽ ക്രൈസ്തവർക്കെതിരായ നടപടികളും അക്രമങ്ങളും മാർപ്പാപ്പയെ ക്ഷണിക്കാത്ത നടപടിയും തുടങ്ങി നിരവധി വിഷയങ്ങൾ ബിജെപിക്ക് കരടായിട്ടുണ്ട്. അൽഫോൺസ് കണ്ണന്താനത്തിന് എത്ര കരട് എടുക്കാനാകുമെന്നറിയാൻ ഫലം വരേണ്ടി വരും.

മേഘാലയത്തിന്റെ മാത്രമല്ല, അൽഫോൺസ് കണ്ണന്താനത്തിന്റെയും ഉമ്മൻചാണ്ടിയുടെയുമൊക്കെ രാഷ്ട്രീയ വളർച്ചയുടെ അടുത്തഘട്ടം നിർണയിക്കുന്നതിലും ഈ​ തിരഞ്ഞെടുപ്പ് ചെറുതല്ലാത്ത പങ്ക് വഹിക്കും.

മേഘാലയയോടൊപ്പം നാഗാലാന്‍ഡിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook