ഷില്ലോങ് : മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹത്തെ തുടര്‍ന്ന് ഖനിയില്‍ കുടുങ്ങിയ 13 തൊഴിലാളികളെ ഇതുവരെയും കണ്ടെത്താനായില്ല. ഈസ്റ്റ് ജെയ്ന്റിയ മലനിരയിലെ സ്വകാര്യ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ദേശീയ ദുരന്തനിവാരണ സേന ഇപ്പോഴും തിരച്ചില്‍ നടത്തുകയാണ്. വ്യാഴാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത പുറത്തുവരുന്നത്. തുടര്‍ന്ന് പോലീസ് നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല.
മൂന്നു ദിവസം മുമ്പാണ് ലൈതീന്‍ നദീതീരത്ത് ചെറിയ മുഖദ്വാരമുള്ള കല്‍ക്കരി ഖനിയുടെ പ്രവര്‍ത്തനം ഇവര്‍ ആരംഭിച്ചത്. എന്നാല്‍ നദിയില്‍ നിന്ന് ജലം കരകവിഞ്ഞ് ഖനിയ്ക്കുള്ളിലേക്ക് കയറി വെള്ളം നിറഞ്ഞ് തൊഴിലാളികള്‍ ഇതിനുള്ളില്‍ അകപ്പെടുകയായിരുന്നു. നിയമവിരുദ്ധമായി ഖനി നിര്‍മിച്ചതിന് പോലീസ് കെസെടുത്തു.
മേഘാലയയില്‍ സുരക്ഷിതതത്വമില്ലാതെ ചെറിയ മുഖദ്വാരത്തോടെയുള്ള ഖനി നിര്‍മാണം നടത്തുന്നത് വിലക്കിക്കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ 2014ല്‍ ഉത്തരവിറക്കിയതാണ്. ദുരന്ത നിവാരണ വകുപ്പ് മന്ത്രി കിര്‍മെന്‍ ഷില്ല ഇത് സംബന്ധിച്ച് ജില്ലാ അധികാരികളോട് റിപ്പോര്‍ട്ട് തേടി.