ഷില്ലോംഗ്: പ്രമുഖ ബോളിവുഡ് താരവും ബി.ജെ.പി മുൻ ലോക്സഭാംഗവുമായ വിനോദ് ഖന്നയെ ഈ അടുത്താണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഖം പ്രാപിക്കുന്നതിനിടെ അദ്ദേഹം കുടുംബത്തോടൊപ്പം ആശുപത്രിയില്‍ നിന്നെടുത്ത ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. സല്‍മാന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ ആരാധകര്‍ അടക്കമുള്ളവര്‍ അദ്ദേഹം പൂര്‍ണമായും സുഖം പ്രാപിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുമ്പോഴാണ് വിനോദ് ഖന്ന മരിച്ചതായുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്ത പാതി മേഘാലയയിലെ ബി.ജെ.പി താരത്തിന് ആദരാഞ്ജലി അർപ്പിച്ച് പ്രവർത്തകർ രണ്ട് മിനുട്ട് മൗനപ്രാർത്ഥന നടത്തി. പാർട്ടി സംഘടിപ്പിച്ച ഒരു പരിപാടിക്ക് മുന്നോടിയായാണ് ജീവനോടെ ഇരിക്കുന്ന വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

പഞ്ചാബിലെ ഗുര്‍ദാസ്പൂരിനെ പ്രതിനിധീകരിച്ച എംപിയായിരുന്നു ഖന്ന. ചില ബി.ജെ.പി അംഗങ്ങൾ ടെലിവിഷനിൽ വിനോദ് ഖന്നയുടെ മരണവാർത്ത കണ്ടിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മൗനാചരണം നടത്തിയതെന്നും തെറ്റു ശ്രദ്ധയിൽപ്പെട്ട ബി.ജെ.പി വിശദീകരിക്കുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

തങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയെന്നും മൗനാചരണം നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജെനറല്‍ സെക്രട്ടറി ഡേവിഡ് കര്‍സാത്തി പറഞ്ഞു. ഖന്നയ്ക്ക് ദീര്‍ഘായുസ് നേരുന്നതായും കര്‍സാത്തി കൂട്ടിച്ചേര്‍ത്തു.
2015ല്‍ ഷാരൂഖ് നായകനായ ദില്‍വാലെയിലാണ് വിനോദ് ഖന്ന അവസാനമായി അഭിനയിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതീവ ക്ഷീണിതനായി കാണപ്പെട്ട ഖന്നയുടെ ചിത്രം പുറത്തുവന്നതാണ് അദ്ദേഹം മരിച്ചതായുള്ള റൂമര്‍ പരക്കാന്‍ കാരണമായത്. ഖന്ന ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook