ഷില്ലോങ്: പൗരത്വ നിയമ ദേദഗതി ബില്ലില്‍ രാജി ഭീഷണിയുമായി മേഘാലയിലെ ബിജെപി എംഎല്‍എ സന്‍ബോര്‍ ഷുല്ലൈ. ബില്‍ രാജ്യസഭയില്‍ പാസായാല്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം അറിയിയിച്ചു. പൗരത്വ ബില്ലിനെതിരെ നടന്ന വിദ്യാര്‍ഥി പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷുല്ലൈ ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍ കേന്ദ്രമന്ത്രി പോള്‍ ലിംഗ്ദോയും പങ്കെടുത്തു.

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ ജനുവരി 11 ന് നിവേദനം സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ അതിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഷുല്ലൈ പറഞ്ഞു. പൗരത്വ നിയമ ദേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ഉയര്‍ന്നത്. മേഘാലയയില്‍ രണ്ട് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങള്‍, ഹിന്ദുക്കള്‍, സിഖ്, ബുദ്ധമതം, ജൈനന്‍മാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് 1985ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാന്‍ തീരുമാനമായത്. അസം ഉടമ്പടിക്ക് ബില്‍ വിരുദ്ധമാണെന്ന വാദവുമായി അസം സ്വദേശികള്‍ നഗ്ന പ്രതിഷേധം നടത്തിയിരുന്നു.

പ്രതിപക്ഷ എതിര്‍പ്പോടെയാണ് ഈ ബില്‍ ലോക്‌സഭ പാസാക്കിയത്. വര്‍ഗീയ സ്വഭാവമുള്ള ബില്ലാണിതെന്നും അതിനാല്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ബില്‍ അവതരിപ്പിച്ചത് ഭൂരിപക്ഷ വോട്ട് മുന്നില്‍ കണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് മേഘാലയ നിയമസഭ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. ബിൽ മുന്നോട്ട് വയക്കുന്ന പല വ്യവസ്ഥയിലും ആശങ്കയുണ്ടെന്നും അവയെ പിന്തുണയ്ക്കാനാവില്ലെന്ന് മേഘാലയ മുഖ്യമന്ത്രിയും വിമര്‍ശിച്ചിരുന്നു.

പൗരത്വ ബില്‍ ഭേദഗതിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചതിന്റെ ഭാഗമായി ജനങ്ങള്‍ റിപ്പബ്ലിക് ദിന പരിപാടികളും ബഹിഷ്‌കരിച്ചിരുന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് പ്ലക്കാര്‍ഡുകള്‍ പിടിച്ച് ആളുകള്‍ പ്രതിഷേധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook