ഗുവാഹത്തി: കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. താനൊരു ക്രിസ്ത്യന്‍ ആണെന്നും ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ ഉത്തരവാദിയാണെന്നും പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ച് ബിജെപിയുടെ ഗാരോ ഹിൽ മേഖലയിലെ തുറ പ്രസിഡന്റ് ബെർണാഡ് എം മറാക് വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ബീഫ് നിരോധിക്കില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. മേഘാലയയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതില്‍ പാര്‍ട്ടിക്കിടയില്‍ തന്നെ മുറുമുറുപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലാണ് അദ്ദേഹം പുറത്തുപോകുന്നതെന്നാണ് വിവരം.

“ഗാരോ ഹില്ലിലെ സ്വദേശികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതും. അതിനാൽ തന്നെ അധികാരത്തിലെത്തിയാൽ കുറഞ്ഞവിലയ്ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാരോ, ഖാസി, ജയന്റ്‌ലിയ കുന്നുകൾ ഉൾപ്പെട്ടതാണ് മേഘാലയ.

രാജ്യമെമ്പാടും കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി മേഘാലയയിലെ ബിജെപി രംഗത്തെത്തിയത്. കേരളം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും നരോധനത്തിനെതിരെ ശക്തമായാണ് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ