ഗുവാഹത്തി: ബീഫ് നിരോധിക്കാൻ അനുവദിക്കില്ലെന്നും കുറഞ്ഞ നിരക്കിൽ ബീഫ് ലഭ്യമാക്കുകയാണ് വേണ്ടതെന്നും മേഘാലയ ബിജെപി നേതാവ്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ബീഫ് നിരോധിക്കില്ലെന്ന് ബിജെപിയുടെ ഗാരോ ഹിൽ മേഖലയിലെ തുറ പ്രസിഡന്റ് ബെർണാഡ് എം മറാക് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മേഘാലയയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണെന്നും ഇവർ പറയുന്നു.
ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ബെർണാർഡ് എം. മറാക്ക് വ്യക്തമാക്കി. ഗാരോ ഹില്ലിലെ സ്വദേശികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതും. അതിനാൽ തന്നെ അധികാരത്തിലെത്തിയാൽ കുറഞ്ഞവിലയ്ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാരോ, ഖാസി, ജയന്റ്ലിയ കുന്നുകൾ ഉൾപ്പെട്ടതാണ് മേഘാലയ.
രാജ്യമെമ്പാടും കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി മേഘാലയയിലെ ബിജെപി രംഗത്തെത്തിയത്. കേരളം ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും നരോധനത്തിനെതിരെ ശക്തമായാണ് പ്രതികരിച്ചത്.