ഷില്ലോങ്: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ബിജെപിക്കെതിരെ മേഘാലയയിൽ സഖ്യകക്ഷി. മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്യുന്നതിനെയും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി എതിർത്തു. അതേസമയം കോൺറാഡ് സാങ്മ, ഇന്ന് രാവിലെ സഖ്യകക്ഷിയുടെ എതിർപ്പവഗണിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

60 അംഗ നിയമസഭയിൽ എൻപിപിക്ക് 19 ഉം ബിജെപിക്ക് രണ്ടും യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടിക്ക് ആറും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടിന് നാലും എച്ച് എസ് പിഡിപി ക്ക് രണ്ടും അംഗങ്ങളുണ്ട്. ഈ മുന്നണിക്ക് ഒരു സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി ഇല്ലാതെ തന്നെ ഭൂരിപക്ഷം ഉണ്ടല്ലോ പിന്നെന്തിനാണ് ബിജെപിയെ കൂട്ടുപിടിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം.

“ബിജെപി-കോൺഗ്രസ് ഇതര സർക്കാർ എന്ന മുദ്രാവാക്യമാണ് ഞങ്ങളുയർത്തിയത്. അത് പാലിക്കപ്പെടേണ്ടതുണ്ട്. ബിജെപി ഇല്ലാതെ തന്നെ ഭൂരിപക്ഷത്തിനുളള ആൾബലമുണ്ട്. പിന്നെന്തിനാണ് ബിജെപിയെ കൂട്ടുപിടിക്കുന്നത്?”, എച്ച് എസ് പിഡിപി നേതാവ് ചോദിച്ചു. ബിജെപിക്കും എച്ച്എസ്‌പിഡിപിക്കും രണ്ട് അംഗങ്ങൾ വീതമാണ് ഉളളത്. ഇവരിലാരെങ്കിലും ഇല്ലാതെ തന്നെ 32 അംഗങ്ങളുടെ പിന്തുണ എൻപിപിക്ക് ഉണ്ട്.

എച്ച് എസ് പി ഡി പി പിണങ്ങിപ്പോയാലും ബിജെപിയുടെ പിന്തുണ ഒഴിവാക്കാൻ എൻപിപി ആഗ്രഹിക്കുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് രാവിലെ മുൻ നിശ്ചയിച്ചത് പോലെ കോൺറാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എൻപിപിയുടെ സ്ഥാപക നേതാവ് പിഎ സാങ്മയുടെ മകനാണ് കോൺറാഡ് സാങ്മ.

അതസമയം എച്ച്എസ്‌പിഡിപി തങ്ങളുടെ തീരുമാനത്തിന് മറ്റ് സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കാൻ എച്ച്എസ്‌പിഡിപി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി നേതാക്കളുമായി ഇവർ ചർച്ച നടത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook