ജയ്‌പൂര്‍: വടക്കു-പടിഞ്ഞാറന്‍ റെയിൽവേയിലെ ആദ്യ വനിതാ ചുമട്ടുതൊഴിലാളിയായി മാറി മഞ്ജു ദേവി. പുരുഷന്മാരുടെ കുത്തകയായി കാണുന്ന തൊഴിലിടത്തെ സ്ത്രീ സാന്നിധ്യം രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടുകയാണ്. 10 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടമായ മഞ്ജു മൂന്ന് മക്കളെ പോറ്റാനാണ് ചുമടെടുക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിലുണ്ടായ ഒരു ദുരന്തമാണ് മഞ്ജുവിനെ ചുമടെടുക്കാന്‍ നിര്‍ബന്ധിതയാക്കിയത്. കൂലിയായിരുന്ന ഭര്‍ത്താവ് മരിച്ചതോടെ, വീട്ടുകാരുടേയും നാട്ടുകാരുടേയും എതിര്‍പ്പുകളോട് പോരാടിയാണ് ഭര്‍ത്താവിന്റെ തൊഴിലാളി ലൈസന്‍സ് വാങ്ങി മഞ്ജു ചുമടെടുത്ത് തുടങ്ങിയത്.

മാതാവായ മോഹിനി മാത്രമായിരുന്നു മഞ്ജുവിന് പിന്തുണയുമായി ഉറച്ചുനിന്നത്. ജയ്‌പൂര്‍ റെയിൽവേ സ്റ്റേഷനിലെ സ്ഥിരം യാത്രക്കാര്‍ക്ക് അങ്ങനെ മഞ്ജു പരിചയമുഖമായി മാറുകയായിരുന്നു. സ്ത്രീ ചുമട്ടുതൊഴിലാളികളെ ജോലിക്ക് എടുക്കുന്നില്ല എന്നായിരുന്നു ആദ്യം റെയിൽവേ അധികൃതര്‍ അറിയിച്ചത്. കൂടാതെ ചുമടെടുക്കാന്‍ ബുദ്ധിമുട്ട് ആകുമെന്ന് പറഞ്ഞും മഞ്ജുവിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ തന്റെ തീരുമാനത്തില്‍ മഞ്ജു ഉറച്ചുനിന്നതോടെ റെയിൽവേ അധികൃതര്‍ ലൈസന്‍സ് നല്‍കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നിയെന്നും പിന്നീട് ജോലിയോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞതായി മഞ്ജു പറഞ്ഞു. യൂനിഫോം ഉണ്ടാക്കിയെടുക്കലായിരുന്നു ആദ്യത്തെ ബുദ്ധിമുട്ട്. ചുവന്ന കുര്‍ത്തയും വെളുത്ത സാല്‍വാറും തയ്ച്ച് ഈ പ്രശ്നം പരിഹരിക്കുകയായിരുന്നു. വനിതാ- ശിശു ക്ഷേമ മന്ത്രാലയം ഈയടുത്ത് മഞ്ജുവിനെ അടക്കമുളള രാജ്യത്തെ 112 സ്ത്രീകളെ ആദരിച്ചിരുന്നു. മുന്‍ ലോക സുന്ദരി ഐശ്വര്യ റായ്, നിക്കോള്‍ ഫരിയ, മിസൈല്‍ വുമണ്‍ ടെസ്സി തോമസ് എന്നിവരൊക്കെ ഈ സംഘത്തിലുണ്ടായിരുന്നു.

ജീവിതഭാരത്തോടൊപ്പം യാത്രക്കാരുടെ കനത്ത ഭാരമുള്ള ലഗേജുകളും അവർ തലയിലും ചുമലിലുമേന്തും. സാഹചര്യം കൊണ്ടാണെങ്കിൽപ്പോലും ഇത്തരം ഒരു ജോലിയേറ്റെടുത്ത മഞ്ജുവിന്റെ കഥ ഓരോ സ്ത്രീകൾക്കും പ്രചോദനമാകണമെന്നാണ് ഇവരുടെ കഥയറിഞ്ഞവർ പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ കൂലി സന്ധ്യ മാർവായി ആണ്. മധ്യപ്രദേശിലെ ജബൽപൂർ റെയിൽവേസ്റ്റേഷനിലാണ് സന്ധ്യ ജോലി ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ