എഴുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1948 ജനുവരി 30നാണ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി, നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. 2019 ജനുവരി 30ന്, ഒരു ഗണിതശാസ്ത്ര അധ്യാപികയും, അഭിഭാഷകനും, ഒരു യുവാവും ചേര്‍ന്ന് വീണ്ടും അദ്ദേഹത്തിനു നേരെ മൂന്ന് തവണ നിറയൊഴിച്ചു. അലിഗഢിന്റെ തൊട്ടടുത്ത് മഹാത്മ ചലനമറ്റു കിടക്കുമ്പോള്‍, ഒരു ഓട്ടോറിക്ഷ ഡ്രൈവറും മരക്കച്ചവടക്കാരനും അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ഒരു ചെറിയ വിഭാഗം ആളുകള്‍ സന്തോഷത്താല്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

ഗാന്ധിജിയുടെ കൊലപാതകം ദേശീയ ഹിന്ദു മഹാസഭ പുനരാവിഷ്‌കരിച്ചതിന്റെ 2.07 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കൂട്ടത്തില്‍ ആറ് പേരെ അലിഗഢ് പൊലീസ് അറസ്റ്റ് ചെയ്യുകയും, മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ഷാക്കൂണ്‍ പാണ്ഡെ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു.

ഗാന്ധിജിയുടെ കോലത്തിനു നേരെ രണ്ടാം തവണ വെടിയുതിര്‍ത്ത അഭിഭാഷകനായ ഗജേന്ദ്ര കുമാര്‍ വര്‍മ്മ(59)യ്ക്ക്, ആരോഗ്യ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി ആറ് വരെ ഇടക്കാല ജാമ്യം അനുവദിച്ചു.

നൗറംഗാബാദിലെ ഹിന്ദു മഹാസഭയുടെ പ്രാദേശിക ഓഫീസിലെ കവാടം തുറക്കുന്നത് ശിവന്റെ ചെറിയ ചിത്രത്തിലേക്കാണ്. അതിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്ന പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ് ‘നാഥുറാം ഗോഡ്‌സെ നീണാല്‍ വാഴട്ടെ, വീര്‍ സവര്‍ക്കര്‍ നീണാല്‍ വാഴട്ടെ.’ പുതിയതായി പെയിന്റ് അടിച്ച, സിസിടിവികള്‍ സ്ഥാപിച്ച ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 29നായിരുന്നു. ഇതിന് തൊട്ടടുത്താണ് പൂജ പാണ്ഡെയുടെ താമസം.

‘എന്തിനാണ് ഗാന്ധിജിയുടെ ആശയങ്ങള്‍ വീണ്ടും ഏറ്റു ചൊല്ലുന്നത്? ഞങ്ങള്‍ക്ക് അത് മാറ്റണം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൊലപാതകം പുനരാവിഷ്‌കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഒരു മണ്‍വെട്ടിയെ മണ്‍വെട്ടി എന്നു വിളിക്കാനുള്ള ധീരത മഹാസഭ കാണിക്കുന്നു എന്നതിനാലാണ് ഞാന്‍ അവര്‍ക്കൊപ്പം ചേര്‍ന്നത്. രാജ്യത്തിന്റെ വിഭജനത്തില്‍ പ്രധാന പങ്കുവഹിച്ച ആളാണ് ഗാന്ധി. ഞങ്ങള്‍ക്ക് പൊതു അടിത്തറ കുറവാണ്. പക്ഷെ വിപ്ലവകരമായ ചിന്തകള്‍ വേരുറയ്ക്കണമെങ്കില്‍ അത്തരം അസാധാരണമായ നടപടികള്‍ കൈക്കൊള്ളേണ്ടിവരും,’ അലിഗഢ് സിവില്‍ കോടതിയിലെ അഭിഭാഷകനായ വര്‍മ്മ പറയുന്നു.

hindu-mahasabhabha

‘ഒരാഴ്ച മുമ്പേ ഞങ്ങള്‍ ഇത് ആസൂത്രണം ചെയ്തിരുന്നു. അതിന് കൂടുതല്‍ ഫലം കിട്ടാന്‍ ചുവന്ന നിറത്തിലുള്ള വെള്ളം നിറച്ച ബലൂണുകള്‍ കൂടി ആ കോലത്തിനുള്ളില്‍ വയ്ക്കാന്‍ ഞങ്ങൾ തീരുമാനിച്ചു. അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ദേശീയ, പ്രാദേശിക മാധ്യമങ്ങളേയും ഞങ്ങള്‍ വിളിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളുടേതാണ്,’ വര്‍മ്മ പറഞ്ഞു.

പതിമൂന്ന് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അലിഗഢ് എഎസ്പി നീരജ് കുമാര്‍ അറിയിച്ചു. ഇതില്‍ 11 പേര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 153 എ, 295 എ, 147, 148, 149 എന്നീ വകുപ്പുകളും പ്രത്യേക അധികാര നിയമവും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജനുവരി 30 ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ കോലം കത്തിക്കാനായി സംഘം ചേര്‍ന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. രണ്ട് പ്രതികളെ ജയിലിലേക്ക് അയച്ചു. മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജീവ് എന്ന കടയുടമ, തടിക്കച്ചവടം നടത്തുന്ന ഹരിശങ്കര്‍ ശര്‍മ്മ, ജയ് വീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

ഇസ്ലാമിക രാജ്യങ്ങളിലെ ശരിയത്ത് കോടതിയുടെ മാതൃകയിലുള്ള, രാജ്യത്തെ ആദ്യ ഹിന്ദു കോടതി 2018 ഓഗസ്റ്റ് 28ന് താന്‍ ആരംഭിച്ചതായി പൂജ പാണ്ഡെ പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. മുമ്പ് നോയിഡയിലെ ഒരു സ്ഥാപനത്തില്‍ ഗണിത ശാസ്ത്ര അധ്യാപികയായിരുന്നു ഇവര്‍. ഗോഡ്‌സെ ഗാന്ധിജിലെ കൊലപ്പെടുത്തിയില്ലായിരുന്നെങ്കില്‍ താന്‍ അത് ചെയ്‌തേനെ എന്ന് അവര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. തന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ പലപ്പോഴ ചര്‍ച്ചകളില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നു. പൂജാ പാണ്ഡെയ്ക്ക് ഫണ്ട് ലഭിക്കുന്നതിന്റെ സ്രോതസുകള്‍ തങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു. അവരുടെ ഉത്തരവുകള്‍ പ്രകാരമാണ് തങ്ങള്‍ എല്ലാം ചെയ്തത് എന്നാണ് അറസ്റ്റിലായവര്‍ പറയുന്നത്.

ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അഭിഷേക്(18) എന്നയാള്‍ പാണ്ഡെയുടെ സഹോദരപുത്രനാണ്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥിയാണ് അഭിഷേക്. ഇയാള്‍ താമസിക്കുന്നത് പാണ്ഡെയ്ക്കും ഭര്‍ത്താവ് അശോകിനും ഒപ്പമാണ്. അവരുടെ എട്ടും ആറും വയസുള്ള രണ്ട് ആണ്‍മക്കള്‍ തങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പാണ്ഡെയുടെ ഭര്‍ത്താവിന്റെ സഹോദരി ഗുഞ്ജന്‍ അഗര്‍വാള്‍ പറയുന്നു.

അതേസമയം ഓട്ടോറിക്ഷ ഡ്രൈവറായ മനോജ് സൈനിയുടെ ഭാര്യയും രണ്ടു കുട്ടികളും തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആഗ്രഹിച്ചില്ല. രണ്ട് വര്‍ഷം മുമ്പാണ് മനോജ് മഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. സംഘടനയുടെ മുഴുവന്‍ സമയ അംഗമായിരുന്ന മനോജ് അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തന്നോട് ഒന്നും പറയാറുണ്ടായിരുന്നില്ലെന്ന് ഭാര്യ പറയുന്നു. ബുധനാഴ്ച രാവിലെ 9.30ഓടെ മനോജ് വീട്ടില്‍ നിന്നും പോയി. പിന്നീട് തിരിച്ചു വന്നതോ വിളിച്ചതോ ഇല്ലെന്ന് അവര്‍ പറയുന്നു.

2017ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍, അലിഗഢ് ജില്ലയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപിയായിരുന്നു. പാണ്ഡെയുടെ വിദ്വേഷ പ്രവൃത്തിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപിയുടെ സിറ്റി സെക്രട്ടറി വിവേക് സരസ്വത് പറഞ്ഞു.

ജനുവരി 23നും 26നും ബിജെപിയുടെ യുവമോര്‍ച്ച അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റി വരെ ‘തിരംഗ യാത്ര’ സംഘടിപ്പിച്ചിരുന്നെങ്കിലും, അടുത്തകാലത്തായി നാട്ടില്‍ ഒരുതരത്തിലുള്ള വര്‍ഗീയ സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

തയ്യാറാക്കിയത്: സൗരവ് റോയ് ബര്‍മന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ