മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മൽ കസബിന്റെ വധശിക്ഷ രഹസ്യമായി നടത്താൻ ഉന്നത തലത്തിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നതായി അന്നത്തെ ജയിൽ ഐജി മീരൻ ബൊർവാങ്കർ. “കസബിനെ തൂക്കിക്കൊന്ന ശേഷം മൂന്നു നാലു ദിവസത്തേക്ക് തലയിലൊരു കല്ല് വച്ച പോലെയായിരുന്നു”, ദി ഇന്ത്യൻ എക്സ്‌പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മീരൻ ബൊർവാങ്കർ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ മികച്ച വനിത പൊലീസ് ഓഫീസർമാരിലൊരാളായ മീരൻ ഈയടുത്താണ് സർവീസിൽ നിന്ന് വിരമിച്ചത്. ജലഗോൺ പെൺവാണിഭ കേസ്, അബു സലിം കേസ്, ഇഖ്ബാൽ മിർച്ചി കേസ് തുടങ്ങി നിരവധി കേസുകളിൽ മീരയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അജ്മൽ കസബിന് പുറമേ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയപ്പോൾ മേൽനോട്ടം വഹിച്ചതും ഈ പൊലീസ് ഓഫീസറായിരുന്നു.

“അജ്മൽ കസബിന്റെ വധശിക്ഷ നടത്തിയപ്പോൾ തലേന്ന് തന്നെ ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. വല്ലാത്തൊരു മാനസികാവസ്ഥയായിരുന്നു അത്. വധശിക്ഷ നടപ്പിലാക്കുന്നതിന് പ്രത്യേക ചട്ടമുണ്ട്. ഭാരം നോക്കണം, ഉയരം നോക്കണം, ഇതിനെല്ലാം തുല്യമായ നിലയിൽ മണൽ ചാക്ക് ഒരുക്കണം. പിന്നീട് തൂക്കിക്കൊലയുടെ ഒരു പരിശീലനം ചെയ്യണം.” മീരൻ പറഞ്ഞു.

“ആദ്യമായി ഈ പരിശീലനം കണ്ടപ്പോൾ എനിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. എനിക്കത് ഉൾക്കൊള്ളാനായില്ല. പലയാവർത്തി ഞാനെന്നോട് തന്നെ പറഞ്ഞു, ഞാൻ എന്റെ ജോലി ചെയ്യുകയാണെന്ന്. വധിക്കപ്പെടുന്ന വ്യക്തിയോട് എന്തെങ്കിലും നീതികേട് കാട്ടിയെന്നല്ല ഇതിനർത്ഥം. പക്ഷേ, തൂക്കിക്കൊല നടത്തുന്നവർക്ക് കൗൺസിലിങ് വളരെ ആവശ്യമാണ്”, മീരൻ പറഞ്ഞു.

അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആർ.ആർ.പാട്ടീൽ വധശിക്ഷ നടപ്പാക്കുന്നത് രഹസ്യമാക്കി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ അവർ, യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കുന്ന കാര്യം പരസ്യമായി വെളിപ്പെടുത്തിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

“യാക്കൂബ് മേമന്റെ മകളുടെ പാസ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടിരുന്നു. യാക്കൂബിന്റെ ഭാര്യ ഇതിനായി കുറേ തവണ പാസ്പോർട്ട് ഓഫീസിൽ ബന്ധപ്പെട്ടിരുന്നു. ദുബായിൽ വച്ച് മകൾ ജനിച്ചപ്പോൾ ഇന്ത്യൻ എംബസിയെ അറിയിക്കാതിരുന്നതാണ് പ്രശ്നമായത്. ഏതായാലും അത് അവർക്ക് നേടിക്കൊടുക്കാനായി. പിന്നീട് അവരിരുവരും എന്നെ വന്ന് കണ്ടു”, അവർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ