ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനിരുന്ന ഉത്തരാഖണ്ഡ് കേദാര്‍നാഥിലെ രുദ്ര ധ്യാനഗുഹ ഇനിമുതല്‍ ടൂറിസ്റ്റ് കേന്ദ്രം. അത്രയേറെ ആളുകളാണ് സ്ഥലം അന്വേഷിച്ച് എത്തുന്നത്. നരേന്ദ്ര മോദിയുടെ ധ്യാനത്തിലൂടെയാണ് ഗുഹ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. നരേന്ദ്ര മോദി ധ്യാനം നടത്തി തിരിച്ചുവന്നതിനു പിന്നാലെ നിരവധി പേര് അവിടെ ബുക്കിങ്ങിനായി വിളിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുഹ സന്ദര്‍ശനത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത ആദ്യത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനു പിന്നാലെ ബുക്കിങ്ങിനായി പലയിടത്തുനിന്നും ഫോണ്‍ കോളുകള്‍ എത്തി തുടങ്ങി.
ഈ വര്‍ഷം മേയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെത്തിയത്. അപ്പോഴാണ് രുദ്ര ഗുഹയില്‍ ധ്യാനിക്കാനെത്തിയത്. നരേന്ദ്ര മോദി ഇന്ത്യയിലെ ടൂറിസത്തിന്റെ അംബാസിഡറാണെന്ന് ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു. നരേന്ദ്ര മോദി രുദ്ര ഗുഹ സന്ദര്‍ശിച്ചതോടെ ഇത് ടൂറിസ്റ്റുകളെ ആകര്‍ഷിച്ചു. രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും പ്രഹ്ലാദ് പട്ടേല്‍ പറഞ്ഞു.
Read Also: ‘മോദി ധ്യാനത്തിലാണ്’; കേദാര്‍നാഥിലെ ഗുഹയിലെത്തിയത് രണ്ടര മണിക്കൂര്‍ നടന്ന്
മേയ് മാസം തന്നെ 4 ബുക്കിങ് ലഭിച്ചു. ജൂണിൽ 28, ജൂലൈയിൽ 10, ഓഗസ്റ്റിൽ 8 ബുക്കിങ് കിട്ടി. 19 ബുക്കിങ് ഈ മാസത്തേക്കു ലഭിച്ചു. അടുത്ത മാസത്തേക്ക് 10 പേർ ബുക്ക് ചെയ്തിട്ടുണ്ട്. മുൻകൂർ ബുക്കിങ് ഇതാദ്യമാണ്. രാത്രി തങ്ങുന്ന വിധമാണ് ഗുഹ ബുക്ക് ചെയ്യുന്നതെങ്കിൽ അതിന് 1,500 രൂപയാണ് നിരക്ക്. രാവിലെ ആറ് മുതൽ വെെകീട്ട് ആറ് വരെയാണ് തങ്ങുന്നതെങ്കിൽ 999 രൂപയാണ് നിരക്ക്.
ഗുഹയ്ക്കുള്ളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഉണ്ട്. ഗുഹ പൂർണമായും എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. ഒരു സമയത്ത് ഒരാൾക്ക് മാത്രമാണ് പ്രവേശനം. ധ്യാനിക്കാൻ സാധിക്കുന്ന വിധം ഏകാഗ്രതയുള്ള സ്ഥലമായതിനാലാണ് ആളുകൾ ഇങ്ങോട്ടേക്ക് എത്തുന്നത്. ഗുഹയ്ക്കുള്ളിൽ ഒരു മൊബെെൽ ഫോണുണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനാണിത്.