ന്യൂഡൽഹി: മീഡിയ വൺ ടിവി ചാനലിന്റെ സംപ്രേഷണം വിലക്കിയ സുപ്രീം കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചാനലിന് ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ കേന്ദ്ര നടപടി ചോദ്യം ചെയ്ത് മാധ്യമം മാനേജ്മെന്റും എഡിറ്റർ പ്രമോദ് രാമനും ജീവനക്കാരും സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മീഡിയ വൺ മാനേജ്മെന്റായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ചാനൽ വിലക്കിന് കാരണമായ എല്ലാ രേഖകളും ഹാജരാക്കാൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതു പരിശോധിച്ചാണ് ഉത്തരവ്.
മീഡിയ വണ്‍ ലൈഫ്, മീഡിയ വണ്‍ ഗ്ലോബല്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫയലും മീഡിയ വണ്‍ ചാനലുമായി ബന്ധപ്പെട്ട മറ്റൊരു ഫയലുമാണ് കേന്ദ്ര സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ ഹാജരാക്കിയത്. വാദം കേള്‍ക്കല്‍ 20 മിനിറ്റോളം നിർത്തിവച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവർ ചേംബറിൽ പോയി ഫയലുകള്‍ പരിശോധിക്കുകയായിരുന്നു.
മുദ്ര വച്ച കവറില്‍ രേഖകള്‍ കൈമാറുന്ന ശൈലിയോട് വിയോജിപ്പാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് ലൈസെന്‍സ് നിഷേധിച്ചതെന്ന് മീഡിയ വണ്ണിനെ അറിയിക്കേണ്ടതല്ലേയെന്നും ആരോപണം എന്താണെന്ന് അറിഞ്ഞാല്‍ അല്ലേ മറുപടി നല്കാന് കഴിയൂയെ ന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരോട് അഭിപ്രായപ്പെട്ടു. രേഖകൾ ഹര്‍ജിക്കാര്‍ക്കു കൈമാറുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു.
ഹൈക്കോടതി വിധി വന്നതിനു പിന്നാലെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുന്നൂറോളം വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉൾപ്പെടെ പ്രതിസന്ധിയിലാണ്. അതിനാൽ കോടതി ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ‘അനിവാര്യമായ ആചാരമല്ല’; ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി
ചാനലിൻ്റെ സംപ്രേഷണ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും ശരിവച്ചതിന് പിന്നാലെയാണ് ചാനൽ സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഉള്ളതിനാലാണ് സുരക്ഷാ ക്ലിയറൻസ് നൽകാത്തത് എന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്.
ചാനലിന് സംപ്രേഷണാനുമതി നിഷേധിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിച്ച് , ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകള്‍ കേന്ദ്രം കോടതിയില്‍ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സംപ്രേഷണം തടഞ്ഞത്എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്കിയ വിശദീകരണം. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇന്റലിജൻസ് ബ്യുറോയുടെ ഫയലുകൾ പരിശോധിച്ചതിൽ നിന്നും ദേശസുരക്ഷയേയും രാഷ്ട്രത്തിന്റെ പരമാധികാരത്തേയും ബാധിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി പുതുക്കാത്തതെന്നാണ് മനസിലാവുന്നതെന്ന സിംഗിൾ ബഞ്ചിന്റെ നിരീക്ഷണം ഡിവിഷൻ ബഞ്ച് അംഗീകരിച്ചു. ലൈസൻസ് നീട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദേശസുരക്ഷയുടെ പേരിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ ഉചിതമായ നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടന്നും കോടതി വ്യക്തമാക്കി. രഹസ്വാന്വേഷണ വിവരങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥ തല സമിതിയുടെ ലൈൻസൻസ് പുതുക്കരുതെന്ന ശുപാർശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതായാണ് മനസിലാക്കുന്നതെന്നും ഹർജികളിൽ ഇടപെടാനാവില്ല സിംഗിൾ ബഞ്ച് നിലപാടും കോടതി അംഗീകരിക്കുകയായിരുന്നു.