ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയില്‍ ബലാത്സഗം ചെയ്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമസ്ഥാപനങ്ങള്‍ 10 ലക്ഷം രൂപ പിഴയടക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട ഇരയുടെ നഷ്ടപരിഹാര ഫണ്ടിലേക്കാണ് തുക നിക്ഷേപിക്കുകയെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഗീതാ മിട്ടലും ജസ്റ്റിസ് സി ഹരിശങ്കറും ആണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗ ഇരയുടെ പേര് വെളിപ്പെടുത്തയാള്‍ ആറ് മാസം വരെ തടവ് ശിക്ഷയ്ക്ക് വിധേയനാകേണ്ടി വരുമെന്നും കോടതി അറിയിച്ചു. പീഡന ഇരകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന വിവരം വ്യാപകമായ രീതിയില്‍ പ്രചരിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നിയമം അവഗണിക്കപ്പെട്ടത് കൊണ്ടും കുട്ടി കൊല്ലപ്പെട്ടെന്ന തരത്തിലുമാണ് പേര് വെളിപ്പെടുത്തിയതെന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഏപ്രില്‍ 13ന് ഹൈക്കോടതി നിരവധി മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇലക്ട്രോണിക്- അച്ചടി മാധ്യമങ്ങളില്‍ കുട്ടിയുടെ പേര് വന്നതിനെ തുടര്‍ന്ന് കോടതി നേരിട്ട് ഇടപെട്ടാണ് നടപടി എടുത്തത്. കേസില്‍ നടപടി എടുക്കാതിരിക്കാന്‍ പോന്ന വിശദീകരണം കോടതി മാധ്യമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook