മധ്യപ്രദേശ്: നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ (എന്‍ബിഎ) നേതാവ് മേധ പട്കറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. നര്‍മ്മദാ തീരത്തെ ജനങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവുമുപേക്ഷിച്ച് മാറണം എന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെയാണ് മേധാ പട്കറുടെ നിരാഹാര സമരം. സമരം ആരംഭിച്ച് 12ആം ദിവസമാണ് ആരോഗ്യനില വഷളായെന്ന് അറിയിച്ച് അറസ്റ്റ് ചെയ്തത്.

ജൂലൈ 27നാണ് ബഡ്വാനിയിലെ രാജ്ഘട്ടില്‍ മേധ സത്യാഗ്രഹം ആരംഭിച്ചത്. നര്‍മ്മദാ തീരത്തെ ജനങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവുമുപേക്ഷിച്ച് മാറണം എന്നാണ് മധ്യപ്രദേശ് ഗവ. നിര്‍ദ്ദേശം.

ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ട്. പുനരധിവാസ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് നിരാഹാരം. തകരഷീറ്റ് മേഞ്ഞ രണ്ട് മുറികളിലേക്കാണ് കര്‍ഷകരേയും ആദിവാസികളേയും മറ്റനേകം ജീവിതങ്ങളേയും ആട്ടിയോടിക്കുന്നതെന്ന ആരോപണം ഉണ്ട്‍. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ജനങ്ങള്‍ക്കു നേരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഭരണകൂടത്തിനെതിരെ മരണം വരെയും സമരം ചെയ്യുമെന്നാണ് മേധയുടെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ