ഹൈദരാബാദ് : തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ മേല്‍ ആരോപിക്കപ്പെട്ട മക്കാ മസ്‌ജിദ് സ്ഫോടന കേസില്‍ വിധി പറഞ്ഞ ജഡ്ജി ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. വിരമിച്ച ജഡ്ജി രവീന്ദര്‍ റെഡ്ഡി ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചത് ബിജെപിയുടെ തെലങ്കാന അദ്ധ്യക്ഷനാണ്.

” സെപ്റ്റംബര്‍ 14ന് അമിത് ഷാ ഹൈദരാബാദ് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ കാണാന്‍ ജഡ്ജി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ ചേരാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. പാര്‍ട്ടിയുമായി സൈദ്ധാന്തിക തലത്തില്‍ ഇടപെടാനോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാനോ താന്‍ തയ്യാറാണ് എന്ന് അദ്ദേഹം അറിയിച്ചു. ” തെലങ്കാന ബിജെപി മുഖ്യന്‍ ഡോ കെ ലക്ഷ്മണന്‍ പറഞ്ഞു. ” റെഡ്ഡിയെ പാര്‍ട്ടിയില്‍ എടുക്കണമോ എന്ന കാര്യത്തില്‍ ഇതുവരെ ധാരണയുണ്ടായിട്ടില്ല. എടുക്കുന്നു എങ്കില്‍ എന്തായിരിക്കണം അദ്ദേഹത്തിന്റെ പങ്ക് എന്നും വ്യക്തമല്ല. ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തനിക്ക് ദേശീയതയും രാജ്യസ്നേഹവും ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നാണ് ജഡ്ജി പറഞ്ഞത് എന്ന് ഒരു മുതിര്‍ന്ന നേതാവ് ദ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എന്‍ഐഎ കോടതിയിലെ അഡീഷണല്‍ മെട്രോപൊളിറ്റിയന്‍ സെഷന്‍ ജഡ്ജായ  രവീന്ദര്‍ റെഡ്ഡി രാജി വെക്കുന്നത് ഏപ്രില്‍ 16ന് സ്വാമി അസീമാനന്ദ അടക്കം വരുന്ന മക്കാ മസ്ജിദ് കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ ശേഷമാണ്. താന്‍ സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജിവെക്കുന്നു എന്നാണ് മെട്രോപൊളിറ്റ്യന്‍ സെഷന്‍ ജഡ്ജിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തുകളില്‍ അദ്ദേഹം പറഞ്ഞത്.

ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി

2007 മേയ് 18ന് നടന്ന മക്കാ മസ്ജിദ് സ്ഫോടനത്തില്‍ സ്വാമി അസീമാനന്ദ അടക്കമുള്ളവര്‍ക്കുള്ള പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല എന്നായിരുന്നു ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡിയുടെ വിധി. ആര്‍ എസ് എസ് എന്നത് നിരോധിതമായ ഒരു സംഘടനയില്ല. അതില്‍ പ്രവര്‍ത്തിക്കുന്നവരെ വര്‍ഗീയവാദികള്‍ എന്നോ സാമൂഹ്യവിരുദ്ധര്‍ എന്നോ കാണാനാകില്ല,” ജസ്റ്റിസ് രവീന്ദര്‍ റെഡ്ഡി നിരീക്ഷിച്ചു.

സ്വാമി അസീമാനന്ദ ഉൾപ്പെടുന്ന ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ അംഗങ്ങളായിരന്നു കേസിലെ പ്രതികൾ. 2007 മെയ് 18 നാണ് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജ്ദിൽ സ്ഫോടനം സംഭവിക്കുന്നത്. ഇതിൽ എട്ട് പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന നടന്ന പൊലീസ് വെടിവെയ്പിൽ അഞ്ചു പേരും കൊല്ലപ്പെടുകയുണ്ടായി.

പ്രാഥമിക​ അന്വേഷണത്തിന് ശേഷം ​കേസ് സി ബി ഐയക്ക് കൈമാറുകയായിരുന്നു. സി ബി ഐ കുറ്റപത്രം നൽകുന്നത് 2011 ഏപ്രിലിലാണ്. സിബിഐ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്തു. 230 സാക്ഷികളും 411 രേഖകളുമാണ് കേസിലുണ്ടായിരുന്നത്. വിചാരണയ്ക്കിടയിൽ ലഫ്റ്റനന്റ് കേണൽ ശ്രീകാന്ത് പുരോഹിത് അടക്കമുളള 35സാക്ഷികൾ കൂറുമാറുകയുമുണ്ടായി.

ദേവേന്ദർഗുപ്ത, ലോകേഷ് ശർമ്മ, സ്വാമി അസീമാനന്ദ, ഭരത് മോഹൻലാൽ രതേശ്വർ, രാജേന്ദർ ചൗധരിഎന്നിവരായിരുന്നു കേസിലെ പ്രതികൾ. ഈ​ കേസിലെ രണ്ട് പ്രതികളായ രാമചന്ദ്ര കലസംഗര,സന്ദീപ് ഡാങ്കെ എന്നിവർ ഒളിവിലാണ്. ഈ​ കേസിലെ മുഖ്യ പ്രതിയും ആർ എസ് എസ് ഭാരവാഹിയും ആയ സുനിൽ ജോഷി കേസ് അന്വേഷണത്തിനിടയിൽ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. 2007 ഡിസംബർ 29 ന് ദുരൂഹ സാഹചര്യത്തിലാണ് സുനിൽ ജോഷിയുടെ മരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook