ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദിന്റെ കശ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ കശ്മീരില്‍ അധിനിവേശം നടത്തിയെന്നും പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് അത്തരം പരാമര്‍ശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.

”എല്ലാ പ്രിന്‍സ്‌ലി സ്റ്റേറ്റുകളേയും പോലെ തന്നെയാണ് ജമ്മു കശ്മീരും ഉടമ്പടിയിലൊപ്പു വച്ചത്. പാക്കിസ്ഥാനാണ് അധിനിവേശം നടത്തിയത്. മലേഷ്യന്‍ സര്‍ക്കാര്‍ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദം കണക്കിലെടുത്ത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം” രവീഷ് കുമാര്‍ പറഞ്ഞു.

കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിക്കുകയും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണമെന്നും പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനെതിരേയും രവീഷ് കുമാര്‍ രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ഈ അഭിപ്രായം പരിഗണിക്കുന്നില്ലെന്നും, ഇനിയും ഇത്തരത്തിലുള്ള അഭിപ്രായം പറയുന്നതിനു മുമ്പ് കശ്മീര്‍ വിഷയം മനസ്സിലാക്കാന്‍ തുര്‍ക്കിയെ ക്ഷണിക്കുന്നെന്നും രവീഷ് കുമാര്‍ പറഞ്ഞു.

സംഘട്ടനങ്ങളിലൂടെയല്ല കശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടതെന്നും ദക്ഷിണേഷ്യയുടെ വളര്‍ച്ചയില്‍ നിന്നും സമൃദ്ധിയില്‍ നിന്നും കശ്മീരിനെ മാറ്റി നിര്‍ത്താനാവില്ല എന്നുമായിരുന്നു യു.എന്‍ പൊതു സഭയില്‍ തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യിബ് എര്‍ദോഗാന്‍ പറഞ്ഞിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook