ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരന്‍ പാക്കിസ്ഥാനില്‍ അറസ്റ്റിലായെന്ന വാര്‍ത്ത നിരസിച്ച് വിദേശകാര്യ മന്ത്രാലയം. അറസ്റ്റ് സംബന്ധിച്ച് പാക്കിസ്ഥാനില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ നിന്നും ഇന്ത്യന്‍ ചാരനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ദേര ഘാസി ഖാനില്‍ നിന്നും അറസ്റ്റിലായ രാജു ലക്ഷ്മണ്‍ എന്നയാള്‍ താന്‍ ഇന്ത്യന്‍ ചാരനാണെന്ന് സമ്മതിച്ചെന്നായിരുന്നു ഇന്നലെ പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സംഭവത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളോട് പ്രതികരിക്കാനാകില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു. കുല്‍ഭൂഷന്‍ യാദവിനെ അറസ്റ്റ് ചെയ്ത അതേ മേഖലയില്‍ നിന്നുമാണ് ലക്ഷ്മണിനേയും അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം, കുല്‍ഭൂഷന്‍ യാദവിന് നയതന്ത്ര സഹായം നല്‍കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷനെ നാളെ കാണാന്‍ സാധിക്കും. അതേസമയം, പാക്കിസ്ഥാന്റെ വാഗ്ദാനം പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അറിയിച്ചു. രണ്ട് ആഴ്ച മുമ്പാണ് കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിട്ടത്.
നയതന്ത്ര തലത്തില്‍ തന്നെ പാക്കിസ്ഥാന് മറുപടി നല്‍കുമെന്നും പാക്കിസ്ഥാനുമായി ആശയവിനിമയം നടത്തുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ നിയമം അനുസരിച്ചായിരിക്കും നയതന്ത്ര സഹായം നല്‍കുക എന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്.
കുല്‍ഭൂഷണ്‍ ജാദവിന്റെ വധ ശിക്ഷ രാജ്യാന്തര നീതിന്യായ കോടതി തടയുകയായിരുന്നു. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പാക് സൈനിക കോടതിയുടെ വിധി പുനപരിശോധിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. രാജ്യാന്തര നീതിന്യായ കോടതിയിലെ 16 ല്‍ 15 ജഡ്ജിമാരും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.