ന്യൂഡൽഹി: മീ ടൂ പ്രചാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച് ഏഴ് വനിത മാധ്യമപ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി എം.ജെ.അക്ബർ മാനനഷ്ട കേസ് നൽകും. എന്നാൽ തങ്ങളുന്നയിച്ച ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മാധ്യമപ്രവർത്തകർ.

വിദേശത്ത് നിന്ന് മടങ്ങി എത്തിയ മന്ത്രി എം.ജെ.അക്ബര്‍ ഇന്നലെ രാജിവയ്ക്കാത്തത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മുഴുവന്‍ ഔദ്യോഗിക വസതിയില്‍ തന്നെ തങ്ങിയ അദ്ദേഹം എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ചത്. എന്നാൽ മാധ്യമപ്രവർത്തകരെ കാണാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

നൈജീരിയൻ സന്ദർശനത്തിലായിരുന്ന എം.ജെ.അക്ബറിനോട്, ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രാജ്യത്തേക്ക് തിരികെയെത്താൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ന്യൂഡൽഹി വിമാനത്താവളത്തില്‍ എത്തിയ മന്ത്രി, നേരെ ഔദ്യോഗിക വസതിയിലേക്കാണ് പോയത്. ഇന്നലെ ഇദ്ദേഹം പ്രധാനമന്ത്രിക്ക് ഇ-മെയിലില്‍ രാജിക്കത്ത് നല്‍കിയെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

മീ ടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് മാനനഷ്ട കേസ് നൽകാൻ കേന്ദ്രമന്ത്രി തീരുമാനിച്ചിരിക്കുന്നത്. മാനനഷ്ട കേസ് നൽകിയാൽ ഒരു പരിധി വരെ ആക്രമണങ്ങളെ നേരിടാമെന്നാണ് കണക്കുകൂട്ടൽ. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് മന്ത്രി ആരോപണങ്ങള്‍ നിഷേധിച്ച് പ്രസ്താവന പുറത്തിറക്കിയത്. മന്ത്രിക്ക് ബിജെപി ഉന്നത നേതൃത്വത്തിന്റെയും പിന്തുണയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ